എറണാകുളം: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പൊലീസുകാർക്ക് വിരുന്ന് സൽക്കാരം. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ പുളിയനത്തെ വീട്ടിലാണ് സംഭവം. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി അങ്കമാലി പൊലീസ് നടത്തിയ പരിശോധനയിലാണ് ഡിവൈഎസ്പിയേയും പൊലീസുകാരേയും കണ്ടെത്തിയത്. അങ്കമാലി എസ്‌ഐയെ കണ്ടതോടെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. ഇവർക്കെതിരെ മുതിർന്ന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.
ഗൂഡല്ലൂരിൽ പോയി തിരികെ വരും വഴിയാണ് ഡിവൈഎസ്പി എം.ജി.സാബുവും മൂന്ന് ഉദ്യോഗസ്ഥരും തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഇതിനിടയിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു അങ്കമാലി പൊലീസ് എത്തിയത്. ഫൈസൽ കരുതൽ തടങ്കലിലാണെന്നാണ് സൂചന. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം റിപ്പോർട്ട് ഐജിക്ക് കൈമാറും. വിരുന്ന് സംഘടിപ്പിച്ചത് എന്തിന്റെ പേരിലാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
ഡിവൈഎസ്പിക്കും പൊലീസുകാർക്കുമെതിരെ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന. ജില്ലയിൽ ഏറ്റവും ആദ്യം കാപ്പ ചുമത്തിയ ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ. മുപ്പതിലേറെ കേസുകളിൽ പ്രതിയാണ് ഇയാൾ.