കൊച്ചി : ഇതരഭാഷ തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കിനെയാണ് (18) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇയാൾ കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഞായറാഴ്ച വൈകീട്ട് 5 മണിയോടെ എടയപ്പുറം ഭാഗത്ത് നിന്ന് കുട്ടിയെ നിർബന്ധിച്ച് ഒപ്പം കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധ ആരംഭിച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി വാഹനങ്ങളും അമ്പതോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അങ്കമാലിയിലുള്ള ഒരു വീട്ടിൽ പ്രതിയും പെൺകുട്ടിയുമുണ്ടെന്ന് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഒന്നര മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിൽ മാണിക്കിനൊപ്പം അങ്കമാലി ഭാഗത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.