ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഒരാഴ്ച കൂടി ജാമ്യം നീട്ടി നൽകണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ കെജ്‌രിവാൾ ഹർജി സമർപ്പിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും PET-CT സ്‌കാനും മറ്റ് പരിശോധനകളും നടത്തണമെന്നും അതിനാൽ 7 ദിവസത്തേക്ക് കൂടി ജാമ്യം അനുവദിക്കണമെന്നുമാണ് കെജ്‌രിവാളിന്റെ ആവശ്യം.
പ്രമേഹം വർദ്ധിക്കാനുള്ള ഭക്ഷണങ്ങൾ മാത്രം കഴിച്ച് ആരോഗ്യനില വഷളാക്കാൻ അരവിന്ദ് കെജ്‌രിവാൾ ശ്രമിച്ചിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാൽ ജയിലിൽ കിടന്നതിന് ശേഷം കെജ്‌രിവാളിന്റെ ഭാരം വളരെയധികം കുറഞ്ഞെന്നും ആരോഗ്യം വീണ്ടെടുക്കുന്നതിനായി പരിശോധനകൾ നടത്തണമെന്നുമാണ് ആം ആദ്മി പാർട്ടി നേതാക്കളുടെ ന്യായീകരണം.
മദ്യനയ അഴിമതിക്കേസിൽ പിടിയിലായി 50 ദിവസത്തിന് ശേഷമാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപാധികളോടെയായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.