എറണാകുളം: അവയവക്കടത്തിന്റെ മറവിൽ ഏജന്റുമാർ ശാരീരിക ചൂഷണത്തിന് ഇരയാക്കുന്നുവെന്ന പരാതിയുമായി എറണാകുളം സ്വദേശിയായ യുവതി. കുമ്പളങ്ങി സ്വദേശി ഷാജി എന്ന ഏജന്റിനെതിരെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. വാഗ്ദാനം ചെയ്ത പണം തിരികെ ചോദിച്ചപ്പോഴാണ് തന്നെ പീഡിപ്പിച്ചതെന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് മോശക്കാരിയായി ചിത്രീകരിക്കുമെന്ന് പറഞ്ഞതായും യുവതി ജനം ടിവിയോട് പറഞ്ഞു.
”8 ലക്ഷം മുതൽ 10 ലക്ഷം വരെയാണ് തന്റെ വൃക്കയ്‌ക്ക് വാഗ്ദാനം ചെയ്തത്. 2020 ജൂണിൽ നഗരത്തിലെ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തനിക്ക് ലഭിച്ചത് 3.5 ലക്ഷം രൂപയാണ്. ബാക്കി പണം ചോദിച്ചപ്പോൾ തന്നെ പലതവണ ശാരീരികമായി ചൂഷണം ചെയ്തു. ആശുപത്രിക്ക് സമീപത്തുള്ള ലോഡ്ജിലേക്കാണ് തന്നെ വിളിച്ചുവരുത്താറുള്ളത്. മോശമായ പെരുമാറിയതിന് ശേഷം ബലമായി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഫോട്ടോ പ്രചരിപ്പിച്ച് മോശക്കാരിയായി ചിത്രീകരിക്കുമെന്നും കുടുംബം തകർക്കുമെന്നും ഷാജി ഭീഷണിപ്പെടുത്തി.” –
യുവതി പറഞ്ഞു.
ലേക്‌ഷോർ ആശുപത്രിയിൽ സ്ഥിരമായി എത്തുന്ന ഏജന്റാണ് ഷാജി. ഇയാൾക്കൊപ്പം മറ്റ് മൂന്ന് പേരു കൂടിയുണ്ട്. നമ്മളോട് സംസാരിച്ച് നമ്മുടെ അവസ്ഥ മനസിലാക്കിയാണ് അവയവദാനത്തിന് നിർബന്ധിക്കുന്നത്. കടക്കെണിയിൽ നിന്ന് കുടുംബത്തെ രക്ഷിക്കാനാണ് വൃക്ക വിൽക്കാൻ തയാറായതെന്നും താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ വൃക്ക ദാനം ചെയ്യാൻ കഴിയാത്തതിനാൽ 2020 ജൂണിൽ നഗരത്തിലെ മറ്റൊരു ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നതെന്നും യുവതി പറഞ്ഞു.
തന്നെ അറിയുന്ന 12 പേരെകൂടി അവയവകച്ചവടത്തിന് ഇരകളാക്കി. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരും യുവാക്കളുമാണ് ഇത്തരത്തിൽ അവയവ വിൽപ്പന നടത്തി വഞ്ചിക്കപ്പെട്ടത്. ജീവിതം തന്നെ വഴിമുട്ടിയതോടെയാണ് താൻ ഏജന്റിനെതിരെ പനങ്ങാട് പൊലീസിൽ പരാതി നൽകിയത്. കേസുമായി മുന്നോട്ടുപോയതോടെ തനിക്ക് ജോലി നഷ്ടപ്പെട്ടെന്നും യുവതി കൂട്ടിച്ചേർത്തു. ഒരു മാസം പിന്നിട്ടിട്ടും ഷാജിയെ പിടികൂടാൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല.