ഡൽഹി: കശ്മീരിൽ സൈന്യത്തിന് നേര കല്ലെടുക്കുന്നവരോടും രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരോടും ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആവർത്തിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഒരു തീവ്രവാദിയുടെ കുടുംബത്തിന് പോലും സഹായം ലഭിക്കില്ല എന്നും ആ കുടുംബങ്ങളിലെ ആർക്കും ജോലി നൽകില്ല എന്നും ആഭ്യന്തര മന്ത്രി താക്കീത് നൽകി. വാർത്ത ഏജൻസിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“കശ്മീരിൽ, ആരെങ്കിലും ഒരു തീവ്രവാദ സംഘടനയിൽ ചേർന്നാൽ അവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി കൊടുക്കില്ല എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ആരെങ്കിലും സൈന്യത്തിന് നേരെ കല്ലെറിഞ്ഞാൽ അയാളുടെ കുടുംബാംഗങ്ങൾക്ക് യാതൊന്നും ലഭിക്കില്ല. ഈ തീരുമാനത്തിനെതിരെ ചിലർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ വിജയം സർക്കാരിനൊപ്പമായിരുന്നു”.
“തങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും തീവ്രവാദ സംഘടനയിൽ ചേർന്നാൽ അക്കാര്യം ബന്ധുക്കൾക്ക് സർക്കാരിനെ അറിയിക്കാം. അങ്ങനെയുള്ളവർ സർക്കാർ ജോലികൾക്ക് യോഗ്യരാണ്. ഒരു ഭീകരനെ വധിച്ചാൽ അയാളുടെ ശവസംസ്കാര ചടങ്ങുകൾ ആ പ്രദേശത്ത് നടത്തുന്ന പതിവുണ്ടായിരുന്നു. അത് ഞങ്ങൾ അവസാനിപ്പിച്ചു. വധിക്കുന്നവരെ എല്ലാ മതപരമായ ആചാരങ്ങളോടും കൂടി തന്നെയാണ് ഞങ്ങൾ അടക്കം ചെയ്യുന്നത്. എന്നാൽ അത് അവരുടെ പ്രദേശത്ത് ആയിരിക്കില്ല”.
“ഭീകരവാദം നടത്താൻ ഇറങ്ങി പുറപ്പെട്ടവരുടെ അമ്മയെയോ ഭാര്യയെയോ മറ്റ് കുടുംബാംഗങ്ങളെയോ ഞങ്ങൾ ബന്ധപ്പെട്ടും. ഭീകരനോട് കീഴടക്കാൻ അവരെ കൊണ്ട് അഭ്യർത്ഥിപ്പിക്കും. അവർ പറഞ്ഞിട്ടും കീഴടങ്ങിയില്ലെങ്കിൽ അവന്റെ മരണം ഉറപ്പാണ്. ഇന്ന് ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ഗണ്യമായി കുറഞ്ഞു. അതിന്റെ കാരണം സർക്കാരിന്റെ ശക്തമായ നിലപാട് തന്നെയാണ്”- അമിത് ഷാ പറഞ്ഞു.