ചാലക്കുടി: അതിരപ്പിള്ളിയിൽ വാഹനമിടിച്ച് പരിക്കേറ്റ കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കയ്യേറ്റത്തിനിരയായ മാദ്ധ്യമപ്രവർത്തകനെതിരെ കള്ളക്കേസ്. അതിരപ്പള്ളിയിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകൻ റൂബിൻ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വ്യാജ പരാതിയിൽ അർദ്ധരാത്രി വീട് വളഞ്ഞായിരുന്നു അറസ്റ്റ്. ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ റൂബിൻ ലാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് റൂബിൻ ലാലിനെതിരെ വ്യാജപരാതി നൽകുകയായിരുന്നു. വനഭൂമിയിൽ അതിക്രമിച്ചു കയറിയെന്ന പേരിൽ വനം വകുപ്പും കേസെടുത്തു
ഇന്നലെ രാവിലെയാണ് പന്നിയെ റോഡരികിൽ കണ്ടെത്തിയത്. വാഹനം ഇടിച്ച് കാലിന് പരിക്കേറ്റ് നടക്കാൻ കഴിയാത്ത നിലയിലായിരുന്നു. ഇടിച്ച വാഹനവും തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അതിരപ്പിള്ളിയിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകനായ റൂബിൻ ലാൽ പന്നിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചത്. ഇതിൽ പ്രകോപിതരായി വനം വകുപ്പ് ഉദ്യോഗസ്ഥർ റൂബിനെ കൈയേറ്റം ചെയ്യുകയായിരുന്നു.
വനംവകുപ്പ് പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷൻ ബീറ്റ് ഓഫീസർ ജാക്‌സന്റെ നേതൃത്വത്തിൽ ആയിരുന്നു അതിക്രമം നടത്തിയത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ തട്ടിത്തെറിപ്പിച്ചു. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പോലീസുമായി ഒത്തു കളിച്ചുകൊണ്ട് മാദ്ധ്യമ പ്രവർത്തകനെതിരെ പ്രതികാര നടപടി സ്വീകരിച്ചത്.