തൃശൂർ : അതിരപ്പിള്ളിയിൽ മാദ്ധ്യമപ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രാദേശിക മാദ്ധ്യമപ്രവർത്തകനായ റൂബിൻ ലാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും മർദ്ദിക്കുകയും ചെയ്തതിനാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. മനുഷ്യാവകാശ കമ്മീഷൻ അംഗം വികെ ബീനാ കുമാരിയുടേതാണ് ഉത്തരവ്. തൃശൂർ റൂറൽ എസ്പി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ദ്യശ്യമാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതിരപ്പിള്ളിയിൽ വാഹനമിടിച്ച് പരിക്കേറ്റ കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കവെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ റൂബിൻ ലാലിനെ മർദ്ദിച്ചത്. ഇതിന് പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് റൂബിൻ ലാലിനെതിരെ വ്യാജപരാതി നൽകി. വനഭൂമിയിൽ അതിക്രമിച്ചു കയറിയെന്ന പേരിൽ വനംവകുപ്പും കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് വാഹനമിടിച്ച നിലയിൽ പന്നിയെ റോഡരികിൽ കണ്ടെത്തിയത്. തുടർന്ന് അതിരപ്പിള്ളിയിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകനായ റൂബിൻ ലാൽ പന്നിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ റൂബിനെ കൈയേറ്റം ചെയ്തത്. വനംവകുപ്പ് പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷൻ ബീറ്റ് ഓഫീസർ ജാക്സന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.