പാലക്കാട് : തോല്പിക്കാൻ നിന്ന പ്രതിസന്ധികളെ ഒന്നൊന്നായി പുഞ്ചിരിയോടെ നേരിട്ട വിപിൻ ദാസിന് താങ്ങായി സേവാഭാരതി എത്തുന്നു . അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്ന് റാങ്കിന്റെ പൊൻ തിളക്കം നേടിയ വിപിൻദാസിന് പുതിയ വീട് വച്ച് നൽകാനാണ് തീരുമാനം .
കരിമ്പ കൈകൊട്ടിൽ വീട്ടിൽ ശിവദാസന്റെ മകനായ വിപിൻ സിബിഎസ് ഇ പ്ലസ്ടു പരീക്ഷയിൽ ഹൈദരാബാദ് റീജിയണിൽ ഒന്നാം റാങ്കാണ് കഷ്ടപ്പാടുകൾക്കിടയിലും കരസ്ഥമാക്കിയത് . 92.2 ശതമാനം മാർക്കാണ് വിപിൻ സ്വന്തമാക്കിയത് .
രോഗം ബാധിച്ച് കാൽ മുറിച്ച് മാറ്റിയ അച്ഛനും , അമ്മയ്‌ക്കുമൊപ്പം വിപിൻ കഴിഞ്ഞത് ഓലയും , ഷീറ്റും കൊണ്ട് നിർമ്മിച്ച കുടിലിലാണ് . ബിഎം എസിന്റെ ചുമട്ടുതൊഴിലാളിയായിരുന്ന ശിവദാസന്റെ കാൽ മാസങ്ങൾക്ക് മുൻപാണ് മുറിച്ചു മാറ്റിയത്.ഉണ്ടായിരുന്ന വീട് ചികിത്സയ്‌ക്കായി വിൽക്കുകയായിരുന്നു. വിപിന്റെ ജേഷ്ഠൻ വിഷ്ണുദാസ് ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം .
സേവാഭാരതിയുടെയും, ആർ എസ് എസിന്റെയും കാര്യകർത്താക്കൾ വിപിൻ ദാസിന്റെ വീട്ടിലെത്തി അനുമോദിച്ചിരുന്നു . ദേശീയ സേവാഭാരതി പാലക്കാട് ജില്ലാ ഉപാദ്ധ്യക്ഷൻ പൊന്നാട അണിയിച്ച് വിപിനെ ആദരിച്ചു. തുടർന്നാണ് ചിറ്റില ഫൗണ്ടേഷനുമായി ചേർന്ന് തലചായ്‌ക്കാനൊരിടം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വാസയോഗ്യമായ വീട് പണിത് കൊടുക്കാമെന്ന് സേവാഭാരതി പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ കെ വി വിജിത്ത് വിപിനും കുടുംബത്തിനും ഉറപ്പ് നൽകിയത് .
ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നാണ് വിപിന്റെ ആഗ്രഹം . വിപിന്റെ ജീവിതത്തെ കുറിച്ച് അറിഞ്ഞ സൈലം ഫൗണ്ടേഷൻ പഠന ചിലവുകൾ ഏറ്റെടുത്തിട്ടുണ്ട് .