പട്ന: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും കാലാവസ്ഥ പ്രതികൂലമാകുമ്പോൾ വിദേശത്തേക്ക് കടക്കുന്ന രാഹുലും തമ്മിലുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ബിഹാറിലെ കാരക്കാട്ടിലെ തെരഞ്ഞെടുപ്പ് റാലിയെ അഭി സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇൻഡി മുന്നണി ഏകദേശം 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. 23 വർഷം ജനങ്ങൾക്കായി പ്രവർത്തിച്ചിട്ടും പ്രധാനമന്ത്രിയുടെ പേരിൽ ഒരു അഴിമതി ആരോപണം പോലും ഉയർന്നിട്ടില്ല. വായിൽ വെള്ളിക്കരണ്ടിയുമായാണ് രാഹുൽ ജനിച്ചതെങ്കിൽ പിന്നാക്കസമുദായത്തിൽ ഒരു ചായവിൽപ്പനക്കാരന്റെ വീട്ടിലാണ് നരേന്ദ്രമോദി ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാകിസ്താന്റെ അണുബോംബുകളെ ഭയക്കുകയാണെന്ന് പരിഹസിച്ച കേന്ദ്രമന്ത്രി പാക് അധിനിവേശ കാശ്മീർ എന്നും ഭാരതത്തിന്റേതായിരുക്കുമെന്ന് വ്യക്തമാക്കി.
ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് പറയുന്നത് മുസ്ലീങ്ങൾക്ക് 100% സംവരണം ലഭിക്കണമെന്നാണ്. ബംഗാൾ, കർണാടക, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇൻഡി മുന്നണിയുടെ ഭാഗമായവർ മുസ്ലീങ്ങൾക്ക് സംവരണം നൽകി. പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സംവരണം വെട്ടിക്കുറിച്ചാണ് അവർ ഈ പ്രേത്യക വിഭാഗക്കാർക്ക് സംവരണം നൽകിയതെന്നും അമിത് ഷാ പറഞ്ഞു.