ഉന : കോൺഗ്രസ് നേതാവ് രാഹുലിനെയും സഹോദരി പ്രിയങ്ക വദ്രയെയും ശക്തമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരുവരും അവധി ആഘോഷിക്കാൻ ഷിംലയിൽ പോയെങ്കിലും വോട്ട് ബാങ്കിനെ ഭയന്ന് അയോധ്യയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥിയായ അനുരാഗ് ഠാക്കൂറിന് വേണ്ടി സംഘടിപ്പിച്ച പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുവശത്ത് ആറുമാസത്തിലൊരിക്കൽ അവധി ആഘോഷിക്കുന്ന രാഹുൽ ബാബയും മറുവശത്ത് 23 വർഷമായി ദീപാവലിക്ക് പോലും അവധിയെടുക്കാതെ അതിർത്തിയിൽ സൈനികർക്കൊപ്പം മധുരം പങ്കിട്ട് ആഘോഷിക്കുന്ന മോദിജിയുമാണ്. ഞങ്ങൾ 400 കടക്കുമ്പോൾ രാഹുൽ വീണ്ടും 40 ന് താഴെയാകും. ആദ്യ അഞ്ച് ഘട്ടത്തിൽ തന്നെ പ്രധാനമന്ത്രി 310 സീറ്റുകൾ മറികടന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടി.
അനുരാഗ് ഠാക്കൂറിനെപ്പോലുളള എംപിമാരെ കിട്ടുക അപൂർവ്വമാണെന്നും അമിത് ഷാ പറഞ്ഞു. അനുരാഗ് ഠാക്കൂറിനെ തനിക്ക് വളരെക്കാലമായി അറിയാം. യുവമോർച്ച അദ്ധ്യക്ഷനായിരുന്നപ്പോൾ ഒരുമിച്ചുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ക്രിക്കറ്റ് അസോസിയേഷന്റെ ഭരണസാരഥ്യത്തിലേക്ക് പോയി. അവിടെ നിന്ന് മോദിജിയുടെ ക്യാബിനറ്റിലേക്കും അമിത് ഷാ പറഞ്ഞു.
ഇൻഡി സഖ്യത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെപ്പോലും ഉയർത്തിക്കാട്ടാനില്ലെന്നും അമിത് ഷാ വിമർശിച്ചു.