ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്നാലെ ആം ആദ്മി പാർട്ടി അധ്യക്ഷൻ കെജ്രിവാളിനും പ്രശംസയുമായി പാകിസ്താൻ മുൻ മന്ത്രി.
രാഹുലിന് പ്രശംസിച്ചെത്തിയ മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈൻ ആണ് ഡൽഹിയിൽ വോട്ട് ചെയ്ത ശേഷം കെജ് രിവാൾ പോസ്റ്റ് ചെയ്ത ഫോട്ടയിൽ കമന്റായി അഭിപ്രായ പ്രകടനം നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ കെജ്‌രിവാൾ താൻ സകുടുംബം വോട്ട് രേഖപ്പെടുത്തിയതിന്റെ ചിത്രം സമൂഹമാദ്ധ്യമമായ എക്‌സിൽ ഷെയർ ചെയ്തിരുന്നു. അതിനു മറുപടിയുമായി “സമാധാനവും ഐക്യവും വിദ്വേഷത്തിന്റെയും തീവ്രവാദത്തിന്റെയും ശക്തികളെ പരാജയപ്പെടുത്തട്ടെ,” എന്നാണ് തെഹ് രിക് ഇ ഇൻസാഫ് നേതാവും മുൻമന്ത്രിയുമായ ചൗധരി ഫവാദ് ഹുസൈൻ കുറിച്ചത്. കമന്റ് ചർച്ചയായതിന് പിന്നാലെ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തെത്തി. രാഹുലിനെ പോലെ തന്നെ കെജ്രിവാളിനും ഒരുപാട് ജന പിന്തുണയാണല്ലോ പാകിസ്താനിലെന്നായിരുന്നു കിരൺ റിജ്ജുവിന്റെ പരിഹാസം.
നേരത്തെ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് പുനർവിതരണം ചെയ്യുന്നതിനായി സർവേ നടത്തുമെന്ന രാഹുലിന്റെ പ്രഖ്യാപനം പ്രശംസനീയമാണെന്നും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും രാഹുലിന്റെ മുതുമുത്തച്ഛനുമായ ജവഹർലാൽ നെഹ്‌റുവിനെ പോലെ ഒന്നാന്തരം സോഷ്യലിസ്റ്റാണ് രാഹുലെന്നും ഫവാദ് ഹുസൈൻ പറഞ്ഞിരുന്നു.രാഹുലിന്റെ പ്രസംഗങ്ങളുടെ വീഡിയോകളും രാഹുൽ ഓൺ ഫയർ എന്ന ക്യാപ്ഷനോടെ ഫവാസ് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെജ് രിവാളിന്റെ ട്വീറ്റിലും കമന്റായി അഭിപ്രായം രേഖപ്പെടുത്തിയത്.