അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെൻ്ററിലുണ്ടായ തീപിടിത്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴച ഉണ്ടായതായി പൊലീസ്. ഗെയിമിംഗ് സോണിന് അഗ്നിശമന സേനയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ സമയത്ത് സെന്ററിൽ 4,000 ലിറ്റർ ഡീസൽ ഉണ്ടായിരുന്നതായും കെട്ടിടത്തിലേക്കും ഗെയിമിംഗ് സോണിലേക്കും ഒരു എൻട്രി, എക്സിറ്റ് സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗെയിം സോണിന്റെ മാനേജർ നിതിൻ ജെയിൻ, ഗെയിം സോണിന്റെ ഉടമ യുവരാജ് സിംഗ് എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും സമഗ്രമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂവെന്ന് അഗ്നിശമന സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
എല്ലാ ഉദ്യോഗസ്ഥരോടും കളക്ടറുടെ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഈ ദുരന്തത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിനായി
പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
രാജ്കോട്ടിലെ ടിആർപി ഗെയിം സോണിൽ ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്.
ഒമ്പത് കുട്ടികളുൾപ്പെടെ 27 പേരാണ് ദാരുണമായ അപകടത്തിൽ വെന്തുമരിച്ചത്. 300-ലധികം പേർ ഗെയിം സെന്ററിലുണ്ടായിരുന്നു. നാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.