കൊൽ ക്കത്തയെ നിശബ്ദമാക്കാനിരുന്ന ഹൈദരാബാദിന്റെ സ്പീക്കർ അഴിച്ചിട്ട് ശ്രേയസും പിള്ളേരും. അക്ഷരാർത്ഥത്തിൽ ഒന്നാം ക്വാളിഫയറിന്റെ തനിയാവർത്തനമാണ് ചെന്നൈയിലെ ചെപ്പോക്കിൽ കണ്ടത്.പേരുകേട്ട ബാറ്റിംഗ് നിരയുമായെത്തിയ ഹൈദരാബാദ് 18.3 ഓവറിൽ 113 റൺസിന് പുറത്തായി. കാെൽക്കത്തയുടെ പേസ് ആക്രമണത്തിന് മുന്നിൽ എസ്.ആർ.എച്ചിന് മറുപടിയുണ്ടായിരുന്നില്ല. ഐപിഎൽ ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഇന്ന് ഹൈദരാബാദിന്റെ പേരിലായത്.
ഹൈദരാബാദിന്റെ വമ്പനടിക്കാരെ എറിഞ്ഞിട്ട് സ്റ്റാർക്കാണ് കാെൽക്കത്തയ്‌ക്ക് ആശിച്ച തുടക്കം നൽകിയത്. അഭിഷേക് ശർമ്മ(2) സ്റ്റാർക്കിന്റെ ഒരു അത്യുഗ്രൻ പന്തിൽ ബൗൾഡാവുകയായിരുന്നു. ട്രാവിസ് ഹെഡ് ഗോൾഡൻ ഡക്കായി. വൈഭവിനായിരുന്നു വിക്കറ്റ്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ രാഹുൽ ത്രിപാഠിയെയും മടക്കി സ്റ്റാർക്ക് കൊൽക്കത്ത കൊടുങ്കാറ്റിന് തുടക്കമിട്ടു. 13 പന്തിൽ 9 റൺസായിരുന്നു സമ്പാദ്യം. പിന്നീട് എല്ലാം ഒരു ചടങ്ങ് മാത്രമായിരുന്നു. 19 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ കമ്മിൻസാണ് ടോപ് സ്കോറർ.