ഹൈദരാബാദ് : തെലങ്കാനയിൽ കനത്ത മഴയിലും ഇടിമിന്നലിലും ഏഴ് പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു. നാഗർകൂർനൂൽ ജില്ലയിലെ തടൂർ ഗ്രാമത്തിലുള്ള കോഴിഫാമിന് സമീപം നാല് പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. തെലകപ്പള്ളി മണ്ഡലത്തിലും മിന്നലേറ്റ് ഒരാൾ മരിച്ചു.
മോട്ടോർ സൈക്കിളിൽ പോവുകയായിരുന്നവരുടെ നേർക്ക് മരം കടപുഴകി വീണ് രണ്ട് പേർ മരിച്ചു. ഷാമീർപേട്ടിലാണ് അപകടമുണ്ടായത്. റാം റെഡ്ഡി , ധനഞ്ജയ് എന്നിവരാണ് മരിച്ചത്. സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളായ ഉപ്പൽ, നഗോൾ, എൽബി നഗർ, എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു.
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ജോഗുലംബ ഗഡ്വാൾ, നാഗർകുർണൂൽ, നാരായൺപേട്ട്, വനപർത്തി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 30-40 കി.മീ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.