ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ . ന്യൂ ബോൺ കെയർ ഹോസ്പിറ്റൽ ഉടമ ഡോക്ടർ നവീൻ ഖിച്ചി, ഡോക്ടർ ആകാശ് എന്നിവരാണ് അറസ്റ്റിലായത്. നവീൻ നഗരത്തിൽ മറ്റു ആശുപത്രികളും നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ചു കുട്ടികളാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.
ശനിയാഴ്ച അർദ്ധരാത്രിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് സമീപത്തുണ്ടായിരുന്ന ഓക്സിജൻ പ്ലാൻ്റിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് ആശുപത്രിക്ക് തീപിടിച്ചത്. വൈദ്യുത വയറുകൾ നിറഞ്ഞ ഇടുങ്ങിയ പാതയിൽ രക്ഷാപ്രവർത്തനം കടുപ്പമേറിയതാണെന്ന് ഫയർഫോഴ്സ് അംഗം പറഞ്ഞു.
നിരവധിയാളുകൾ അപകട സ്ഥലത്ത് എത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താതെ വീഡിയോ പകർത്താനായിരുന്നു തിടുക്കം കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വെള്ളത്തിന്റെ ദൗർലഭ്യതയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഉടമയ്ക്കെതിരെ വിവേക് വിഹാർ പൊലീസ് ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ സ്വകാര്യ സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവൃത്തി), 304 എ (അശ്രദ്ധ മൂലം മരണത്തിന് കാരണമാകൽ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. 2021 ൽ ഈ ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് കേസെടുത്തിട്ടുമുണ്ട്.