ടി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ രണ്ടാം സംഘത്തിനൊപ്പം വിരാട് കോലി യാത്ര തിരിക്കില്ല. താരത്തെ കൂടാതെ സഞ്ജു സാംസണും ഹാർദിക് പാണ്ഡ്യയും ടീമിനൊപ്പം യാത്ര ചെയ്യില്ല. ഐപിഎല്ലിന് ശേഷം ഇടവേള വേണമെന്ന കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം കോലിക്ക് നഷ്ടമാകും.
ഐപിഎല്ലിൽ ക്വാളിഫയർ കാണാതെ പുറത്തായതിന് പിന്നാലെ വിരാട് കോലി ഇടവേള വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ബിസിസിഐ വിസ പ്രോസസിംഗ് നടപടികൾ നീട്ടിവച്ചത്. ഇതേതുടർന്ന് ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരം താരത്തിന് നഷ്ടമാകാനിടയുണ്ട്. ജൂൺ 1ന് ന്യൂയോർക്കിൽ ബംഗ്ലാദേശിനെതിരെയാണ് ടീം ഇന്ത്യയുടെ സന്നാഹ മത്സരം. മെയ് 30ന് അദ്ദേഹം ന്യൂയോർക്കിലേക്ക് യാത്ര തിരിക്കുമെന്ന് ബിസിസിഐയെ ഉദ്ദരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത നൽകിയത്.
ദുബൈയിൽ ചില വ്യക്തിപരമായ -ആവശ്യങ്ങളെ തുടർന്നാണ് സഞ്ജുവും ടീമിനൊപ്പം പോകാത്തത്. താരത്തിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചെങ്കിലും എന്ന് ടീമിനൊപ്പം ചേരുമെന്നതിൽ വ്യക്തതയില്ല. ലണ്ടനിലുള്ള പാണ്ഡ്യയും ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.
ജൂൺ അഞ്ചിന് യുഎസിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡാണ് എതിരാളികൾ. 9നാണ് ഇന്ത്യ- പാക് പോരാട്ടം. വെസ്റ്റിൻഡീസും യുഎസുമാണ് ഇത്തവണത്തെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.