കൊ ൽക്കത്തയുടെ മെന്ററായി ഗൗതം ഗംഭീർ തുടരണമെന്ന ആവശ്യവുമായി ടീം ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാൻ. 10 വർഷം ഗംഭീർ ടീമിന്റെ മെന്ററായി തുടരണമെന്നാണ് ആവശ്യം. ഇതിന്റെ ഭാഗമായി ബ്ലാക്ക് ചെക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. ഗംഭീറിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാൻ താത്പര്യമുണ്ട്. എന്നാൽ ടീം സെലക്ഷൻ മുഴുവൻ തന്റെ നിയന്ത്രണത്തിലാകണമെന്ന് മുൻ താരം നിബന്ധന വച്ചതായും ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു.
മെയ് 27-ാണ് പരിശീലക അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ന് നടക്കുന്ന ഫൈനലിന് ശേഷം കെകെആർ മാനേജ്‌മെന്റുമായി ചർച്ച നടത്തിയതിന് ശേഷമാകും ഗംഭീർ തീരുമാനമെടുക്കുക. സ്റ്റീഫൻ ഫ്‌ളെമിംഗും മഹേല ജയവർദ്ധനെയുമാണ് ബിസിസിഐയുടെ പരിഗണനയിലുള്ള മറ്റ്താരങ്ങൾ.
ടീം ഇന്ത്യയുടെ പരിശീലകനാകാൻ ഒരു ഓസ്‌ട്രേലിയൻ താരത്തെയും സമീപിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് വ്യക്തമായി അറിയുന്ന ആളെയാണ് ഈ തസ്തികയിലേക്ക് ആവശ്യമെന്നാണ് ജയ് ഷാ പറഞ്ഞത്. ടി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയും. ജൂലൈ 1നാണ് പുതിയ പരിശീലകൻ ചുമതല ഏറ്റെടുക്കേണ്ടത്.