സമ ഗ്രാധിപത്യം ഫൈനലിലും തുടർന്ന കൊൽക്കത്ത ഹൈദരാബാദിനെ നിഷ്പ്രഭമാക്കി ഐപിഎൽ കിരീടങ്ങളിൽ ഹാട്രിക് തികച്ചു. ലീഗ് ഘട്ടം മുതൽ കെകെആറിനോട് തോൽവി ഏറ്റുവാങ്ങിയ ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ തുടക്കം മുതൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. മിച്ചൽ സ്റ്റാർക്കും ആന്ദ്രെ റസ്സലും എറിഞ്ഞിട്ടപ്പോൾ, വെങ്കടേഷ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗാണ് കെകെആറിനെ അതിവേഗം വിജയലക്ഷ്യത്തിലെത്തിച്ചത്. എട്ട് വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം. എസ്ആർഎച്ച് ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത മറികടന്നത്. സ്‌കോർ ഹൈദരാബാദ് 113; കൊൽക്കത്ത 114
മത്സരത്തെ ഹൈദരാബാദിന്റെ വരുതിയിൽ നിന്ന് കൊൽക്കത്തയുടെ ഉള്ളംകൈയിലെത്തിച്ചതിന്റെ ക്രെഡിറ്റ് മിച്ചൽ സ്റ്റാർക്കിനും ആന്ദ്രെ റസ്സലിനുമാണ്. തന്റെ ആദ്യ ഓവറിൽത്തന്നെ സ്റ്റാർക്ക് സൺ റൈസേഴ്സിന്റെ മനോവീര്യം തകർത്തു. ആദ്യ ഓവറിൽ അഭിഷേക് ശർമ്മയെയും നാലാം ഓവറിൽ രാഹുൽ ത്രിപാഠിയെയും മടക്കി പവർപ്ലേയിൽത്തന്നെ കൊൽക്കത്തയ്‌ക്ക് ബ്രേക്ക് ത്രൂ നൽകി. എയ്ഡൻ മാർക്രം, അബ്ദുൾ സമദ്, പാറ്റ് കമ്മിൻസ് എന്നിവരെ പുറത്താക്കി റസലും എസ്ആർഎച്ചിനെ അമ്പാടെ തകർത്തു.
114 റൺസ് വിജയലക്ഷ്യം കൊൽക്കത്തയ്‌ക്ക് അനായാസമായി കരുതിയ കൊൽക്കത്ത പാറ്റ് കമ്മിൻസ് ബൗളിംഗിനെത്തിയ ആദ്യ ഓവറിൽത്തന്നെ ഞെട്ടി. ഓപ്പണർ സുനിൽ നരെയ്‌നെ(6) ടീമിന് നഷ്ടമായി. എങ്കിലും സമർദ്ദത്തിലാകാതെ റഹ്‌മാനുള്ള ഗുർബാസും വെങ്കടേഷ് അയ്യരും ക്രീസിൽ നിലയുറപ്പിച്ചു.
പവർ പ്ലേയിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 72 റൺസാണ് നേടിയത്. റഹ്‌മാനുള്ള ഗുർബാസും വെങ്കടേഷ് അയ്യരും ചേർന്ന് തകർത്തടിക്കുകയായിരുന്നു. ഗുർബാസ് 32 പന്തിൽ 39 റൺസ് നേടിയപ്പോൾ, വെങ്കടേഷ് 26 പന്തിൽ 52 റൺസ് നേടി. 8.5 ഓവറിൽ ഗുർബ്ബാസ് റൺ ഔട്ടായി. അയ്യരുടെ ഇന്നിംഗ്‌സിൽ 3 സിക്സും 4 ബൗണ്ടറിയുമാണുള്ളത്. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും(6) വിജയത്തിൽ പങ്കാളിയായി.