പാരിസ്: കാൻ ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രി അവാർഡ് സ്വന്തമാക്കി ‘ ഓൾ വി ഇമാജിൻ അസ് ലൈറ്റ്. സംവിധായക പായൽ കപാഡിയയും അണിയറ പ്രവർത്തകരും ചേർന്ന് കാൻ വേദിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ഹിന്ദി- മലയാളം ഭാഷകളിലാണ് സിനിമ ഒരുക്കിയത്. ഇന്ത്യൻ സംവിധായകയുടെ കാൻ മത്സരവിഭാഗത്തിലെ ആദ്യ സിനിമ എന്ന പ്രത്യേകതയും ഏകദേശം മൂന്ന് പതിറ്റാണ്ടിനിടെ പാം ഡി ഓർ പുരസ്‌കാരത്തിനായി മത്സരിച്ച സിനിമ എന്ന പ്രത്യേകതയും ഈ ഇന്ത്യൻ സിനിമയ്‌ക്കുണ്ട്. മലയാള നടിമാരായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
മുംബൈയിൽ ജോലി ചെയ്യുന്ന രണ്ട് നഴ്‌സുമാരുടെ കഥയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് പറയുന്നത്. ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ‘ലേഡിബേർഡ്’, ‘ബാർബി’ എന്നീ ചിത്രങ്ങളുടെ സംവിധായിക ഗ്രെറ്റ ഗെർവിഗ് ആയിരുന്നു ജൂറി അധ്യക്ഷ. ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’യ്‌ക്കാണ് മേളയിലെ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്‌കാരം ലഭിച്ചത്.