ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ മൂന്നാംതവണയും അധികാരത്തിലേറിയാൽ രാജ്യത്ത് ഏകീകൃത സിവിൽകോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭരണഘടനാ കമ്മിറ്റി രാജ്യത്തിനും നിയമസഭകൾക്കും വിട്ടുകൊടുത്ത ഉത്തരവാദിത്തമാണ് ഏകീകൃത സിവിൽ കോഡ്. ഭരണഘടനാ അസംബ്ലി തയ്യാറാക്കിയ നിർദേശക തത്വങ്ങളിൽ യുസിസിയും ഉൾപ്പെടുന്നുണ്ട്. മതേതര രാജ്യത്ത് മതാടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാകരുതെന്നും ഏകീകൃത നിയമങ്ങൾ ഉണ്ടാകണമെന്നും കെ.എം മുൻഷി, രാജേന്ദ്രബാബു, അംബേദ്കർ എന്നിവർ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ഉത്തരാഖണ്ഡിൽ പുഷ്‌കർ സിംഗ് ധാമി സർക്കാർ നടപ്പിലാക്കിയ യുസിസി സാമൂഹികവും നിയമപരവുമായ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും മതമേലദ്ധ്യക്ഷന്മാരുമായി കൂടിയാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ”വിഷയത്തിൽ വിശദമായ സംവാദം നടക്കണം. ചർച്ചകൾക്ക് ശേഷം ഉത്തരാഖണ്ഡ് സർക്കാർ നടപ്പിലാക്കിയ നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ പരിശോധിച്ച് തിരുത്തണം. ഇതിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. അപ്പോൾ കോടതിയുടെ അഭിപ്രായവും പരിഗണിക്കേണ്ടി വരും. ”- അമിത് ഷാ പറഞ്ഞു. അതുകൊണ്ടാണ് രാജ്യത്ത് യുസിസി നടപ്പിലാക്കുമെന്ന് ബിജെപി സങ്കൽപ്പ് പത്രയിലൂടെ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനായി മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നൽകുന്ന സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. നിലവിൽ സമതി റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞു. രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.