ന്യൂഡൽഹി: 77-ാമത് ലോകാരോഗ്യ അസംബ്ലിയിൽ ആരോഗ്യ പരിവർത്തനത്തിൽ ഡിജിറ്റൽ സേവനങ്ങളും ഉപകരണങ്ങളും വഹിച്ച പങ്ക് പ്രദർശിപ്പിക്കാൻ ഭാരതം. സ്വിറ്റസർലൻഡിലെ ജനീവയിലാണ് ലോകാരോഗ്യ അസംബ്ലി നടക്കുന്നത്. നാളെ ആരംഭിക്കുന്ന അസംബ്ലി ജൂൺ ഒന്ന് വരെ തുടരും.
കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര നയിക്കുന്ന അഞ്ചംഗ പ്രതിനിധി സംഘമാകും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തെ കുറിച്ച് അസംബ്ലിയിൽ പ്രദർശിപ്പിക്കുക. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും വളരെ കുറച്ച് സമയം കൊണ്ട് കൊവിഡ് വാക്സിൻ നൽകി ലോകശ്രദ്ധകർഷിച്ച കോ-വിൻ പോർട്ടലും പദ്ധതിയുമാകും ഇതിൽ പ്രധാന പങ്ക് വഹിക്കുക. ആരോഗ്യ രംഗത്തെ ഡിജിറ്റൽ പരിവർത്തനമാണ് ഭാരതത്തിന്റെ കരുത്തെന്നും നിരവധി പദ്ധതികളാണ് ഇതിന് കീഴിൽ പ്രവർത്തിക്കുന്നതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിജിറ്റൽ ആരോഗ്യത്തിന്റെ നട്ടെല്ലാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ. ആരോഗ്യസംരക്ഷണ മേഖലയിലെ വിടവുകൾ നികത്തുന്നതിൽ ഇവ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാർവത്രിക ആരോഗ്യ പരിരക്ഷ, പൊതുജനാരോഗ്യ തയ്യാറെടുപ്പും പ്രതികരണവും, ആൻ്റിമൈക്രോബയൽ പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, ലോകാരോഗ്യ സംഘടനയ്‌ക്ക് (ഡബ്ല്യുഎച്ച്ഒ) സുസ്ഥിരമായ ധനസഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കമ്മിറ്റി A-യുടെ അദ്ധ്യക്ഷ പദവി ഇന്ത്യ വഹിക്കും. നോർവേ, യുനിസെഫ്, യുഎൻഎഫ്പിഎ, പിഎംഎൻസിഎച്ച് എന്നിവയുമായി സഹകരിച്ച് മാതൃ, നവജാതശിശു, കൗമാര ആരോഗ്യത്തിലും ക്ഷേമത്തിലും സുസ്ഥിരമായ നിക്ഷേപത്തിനായി ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു.
194 അംഗരാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യമന്ത്രിമാരും പ്രതിനിധി സംഘത്തലവൻമാരും പങ്കെടുക്കുന്ന സമ്മേളനം ആരോഗ്യ അസംബ്ലിയുടെ അവസാനഘട്ടത്തിൽ നടക്കും. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തും. പ്രമേയങ്ങൾ അംഗീകരിക്കുന്നതിനുള്ള റിപ്പോർട്ടുകൾ എക്സിക്യൂട്ടീവ് ബോർഡും വിലയിരുത്തും.