ന്യൂഡൽഹി: അഴിമതിക്കാർ ഇന്ത്യയിലെ സാധാരണ ജനങ്ങളെ വഞ്ചിച്ച് കൊള്ളയടിച്ചതെല്ലാം തിരികെ പിടിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊള്ളയടിച്ച സ്വത്തുക്കളെല്ലാം സാധാരണക്കാർക്ക് അർഹതപ്പെട്ടതാണെന്നും അവ ജനങ്ങളിൽ തന്നെ എത്തിച്ചേരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
” അഴിമതിക്കെതിരെ ഞാൻ സ്വീകരിച്ച നയം ‘നാ ഖൗംഗ, നാ ഖാനേ ദുംഗ’യാണ്. അഴിമതിക്കാർ പാവങ്ങളിൽ നിന്ന് കൊള്ളയടിച്ചത് കഴിക്കുകയുമില്ല, അവരെ കൊണ്ട് അത് കഴിപ്പിക്കാൻ ഞാൻ അനുവദിക്കുകയുമില്ല. സാങ്കേതികവിദ്യകൾ ഇന്ന് വളരെയധികം മുന്നേറിയിരിക്കുന്നു. അഴിമതി രഹിത ഭരണം ഉറപ്പാക്കുന്നതിനായി സാങ്കേതികവിദ്യകൾ വളരെയധികം ഗുണം ചെയ്യും.”- പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്ത് പലരും അഴിമതി നടത്തി. എന്നാൽ കൊള്ളയടിച്ചവരിൽ നിന്ന് അതൊക്കെ വീണ്ടെടുക്കും. അഴിമതിക്കാർ മോഷ്ടിച്ചത് പാവപ്പെട്ട ജനങ്ങൾക്ക് തന്നെ തിരികെ നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷമായി അഴിമതി രഹിത ഭരണമാണ് താൻ നടത്തിയതെന്നും തനിക്കെതിരെ ശക്തമായ പ്രതിപക്ഷമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
60 വർഷത്തോളം കോൺഗ്രസ് രാജ്യം ഭരിച്ചെങ്കിലും ആ പാർട്ടിയുടെ അനുഭവപരിചയം തനിക്ക് പ്രയോജനപ്പെട്ടിട്ടില്ലെന്നും പ്രണബ് മുഖർജിയുമായി പലപ്പോഴും ചർച്ചകൾ നടത്തിയത് മാത്രമാണ് പ്രയോജനകരമായതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.