ഹനോയ് : വിയറ്റ്നാമിലെ സെൻട്രൽ ഹനോയിയിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിയറ്റ്നാമീസ് തലസ്ഥാനത്തെ ജനസാന്ദ്രതയേറിയ ജില്ലയായ കാവ് സേയിൽ പ്രാദേശിക സമയം വെള്ളിയാഴ്‌ച്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്.
തീപിടിത്തത്തെത്തുടർന്ന് കെട്ടിടത്തിൽ നിന്ന് പുകയും മാരകമായ വിഷവാതകങ്ങളും വിഷവാതകങ്ങളും പുറത്തേക്ക് വന്നതായും അകത്തു കുടുങ്ങി കിടന്നവരെ ജനാലകൾ പൊളിച്ചാണ് രക്ഷപ്പെടുത്തിയതെന്നും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ പറയുന്നു. അഗ്‌നിശമന സേനയാണ് സ്‌ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്ന് ഹനോയ് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിൽ വിയറ്റ്നാമിലെ ഹാനോയ് അപ്പാർട്ട്മെൻ്റ് ബ്ലോക്കിലുണ്ടായ തീപിടിത്തത്തിൽ മൂന്നു കുട്ടികളുൾപ്പെടെ 56 പേർ മരിച്ചിരുന്നു. 2022 സെപ്റ്റംബറിൽ രാജ്യത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായ ഹോ ചി മിൻ സിറ്റിക്ക് സമീപമുള്ള കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തിൽ 32 പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.