മുംബൈ: മഹാരാഷ്‌ട്രയിൽ സ്കൂൾ സിലബസിൽ മനാച്ചേ ശ്ലോകവും ഭഗവദ്ഗീതയും ഉൾപ്പെടുത്തും. ഭാഷാ പാഠനത്തിന്റെ ഭാഗമായാണ് ഭഗവദ്ഗീതയുടെ പന്ത്രണ്ടാം അദ്ധ്യയവും സ്വാമി രാംദാസ് രചിച്ച മനാച്ചേ ശ്ലോകവും ഉളപ്പെടുത്താൻ തത്വത്തിൽ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് സംസ്ഥാന സ്കൂൾ കരിക്കുലം ഫ്രെയിംവർക്ക് (SCF) സമിതി പൊതുജനാഭിപ്രായം ആരാഞ്ഞു.
ഭാരതീയ വിജ്ഞാനത്തിന് കൂടി ഊന്നൽ നൽകിക്കൊണ്ടാണ് സമിതി പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൗരാണിക ഭാരതം ലോകത്തിന് നൽകിയ സംഭാവനകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്യും.
ഇതിന്റെ ഭാഗമായി ഭാസ്‌കരാചാര്യ, ആര്യഭട്ട തുടങ്ങിയ ഗണിതശാസ്ത്ര പണ്ഡിതരെ കുറിച്ചും വിശദമായി വിദ്യാർത്ഥികളെ പഠിപ്പിക്കും. ചരകൻ, ശുശ്രുതൻ, വാഗ്ഭടൻ എന്നിവർ വിഭാവനം ചെയ്ത ചികിത്സാ സമ്പ്രദായത്തെ കുറിച്ചുമുള്ള പ്രാഥമിക അറിവുകളും സിലബസിന്റെ ഭാഗമാകും. ഭാരതീയ ഋഷിമാരുടെ ജീവിതശൈലി, ഗുരു-ശിഷ്യ പാരമ്പര്യം തുടങ്ങിയവയും കരട് സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.