കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. മലയാളത്തിൽ നിന്നടക്കം നിരവധി താരങ്ങളാണ് ഈ അന്താരാഷ്‌ട്ര ഫെസ്റ്റിവലിൽ ശ്രദ്ധയാകർഷിച്ചത്. അതിൽ എടുത്ത് പറയേണ്ടത് അസമിലെ പ്രശസ്ത നടി ഐമി ബറുവയുടെ വസ്ത്രധാരണമാണ്. മലയാളത്തിൽ നിന്നുള്ള കനി കുസൃതി അടക്കമുള്ളവർ എത്തിയത് മോഡേൺ വസ്ത്രം ധരിച്ചായിരുന്നുവെങ്കിൽ, ഐമി ബറുവ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത് ഒരു നാടിന്റെ സംസ്കാരം തുളുമ്പുന്ന പരമ്പരാഗത വസ്ത്രമണിഞ്ഞാണ്.
പലസ്തീന് ഐക്യദാർഢ്യമെന്ന പേരിൽ വത്തക്ക ബാഗുമായി എത്തിയ കനി കുസൃതി ഒരു വശത്തെങ്കിൽ സ്വന്തം സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയാണ് ഐമി ബറുവ. ഗോജ് ബോട്ട, ഗാം ഖരു തുടങ്ങിയ പുരാതന അസമീസ് ഡിസൈനുകൾ കൊണ്ട് അലങ്കരിച്ച മുഗ സിൽക്ക് മെഖേല സഡോറാണ് ഐമി ബറുവ ധരിച്ചത്. ഗോജ് ബോട്ട ഡിസൈൻ അസമിലെ ഒരു പുരാതന പാറ്റേണാണ്. അഹോം രാജവംശത്തിന്റെ കാലഘട്ടത്തിൽ മുഗ സിൽക്ക് ഒരു ആഡംബരമായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ് കണക്കാക്കപ്പെടുന്നത്.
ഈ ഡിസൈൻ അസമിന്റെ സമ്പന്നമായ സാംസ്കാരിക സൗന്ദര്യത്തെ അടയാളപ്പെടുത്തുന്നു. അസാമീസ് സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഐശ്വര്യത്തിന്റെയും സംരക്ഷണത്തിന്റെയും പരമ്പരാഗത പ്രതീകമാണ് ഗം ഖാരു മോട്ടിഫ്. അഞ്ച് വ്യത്യസ്ത നൂലുകളും നിറങ്ങളും ഉപയോഗിച്ച് ഈറി, കോട്ടൺ, ഗുണ നൂൽ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഈ വസ്ത്രം തുന്നിയേക്കുന്നത്. അസമിലെ കൈത്തറി വ്യവസായത്തിന്റെ കലയും കരകൗശലവും ഇതിൽ കാണാം.