ഷിംല : കോൺഗ്രസും രാഹുലും രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയതോടെ രാഷ്‌ട്രീയം മൊത്തത്തിൽ മാറി. നേരത്തെ ജനങ്ങളുടെ മുൻപിൽ വച്ചായിരുന്നു രാഷ്‌ട്രീയ നേതാക്കൾ വസ്തുതകളെ വളച്ചൊടിക്കുന്നത്. പക്ഷെ ഒരിക്കലും ഒരു കാര്യത്തെ അവർ തെറ്റായി അവതരിപ്പിക്കാറില്ലായിരുന്നു. എന്നാൽ യഥാർത്ഥ പ്രശ്നങ്ങളെ കോൺഗ്രസ് വളച്ചൊടിച്ചാണ് ജനങ്ങളുടെ മുന്നിലെത്തിക്കുന്നതെന്നും അമിത് ഷാ വിമർശിച്ചു.
ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാർട്ടിയുടെ നേട്ടങ്ങൾക്കായി രാഹുൽ സ്ഥിരമായി വ്യാജ പ്രചരണം നടത്തുകയാണ്. ജനങ്ങളെ അവർ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. നുണകൾ പറയുന്നതാണ് രാഹുലിന്റെയും പാർട്ടിയുടെയും ശീലം. രാഹുൽ മറ്റ് പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് മോദി സർക്കാരിന്റെ അഗ്നീവീർ പദ്ധതിക്കെതിരെ നിരന്തരം വ്യാജ പ്രചാരണം നടത്തുകയാണ്’.
100 അഗ്നിവീരന്മാരിൽ 25 ശതമാനം പേരെ സ്ഥിരമായി സേനയിൽ നിയമിക്കും എന്നതാണ് പദ്ധതി. സംസ്ഥാന പൊലീസ് സേനയിൽ 10-20 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അർദ്ധസൈനിക വിഭാഗത്തിലും 10 ശതമാനം സംവരണം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
മോദി സർക്കാർ സൈനികരെ ജോലിക്കാരായി മാറ്റുന്നുവെന്നും ജൂൺ നാലിന് കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഗ്നവീർ പദ്ധതി എടുത്തുകളയുമെന്നുമാണ് രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സമ്മേളനത്തിൽ പറഞ്ഞിരുന്നത്. സൈനികരെയും അഗ്നിവീർ പദ്ധതിയെയും അപമാനിക്കുന്ന തരത്തിലായിരുന്നു രാഹുലിന്റെ വാക്കുകൾ.
2022 ജൂണിലാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം നാല് വർഷത്തേക്കാണ് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്.