മുംബൈ : വീർ സവർക്കർ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് നടി അങ്കിത ലോഖണ്ഡേ. രൺദീപ് ഹൂഡ നായകനായ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ബയോപിക്കിൽ സവർക്കറുടെ ഭാര്യ യമുനാബായി സവർക്കറായി അഭിനയിച്ച അങ്കിത ലോഖണ്ഡേ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വീർ സവർക്കറുടെ സംഭാവനകളെക്കുറിച്ച് സിനിമയിൽ പ്രവർത്തിക്കുന്നതിന് മുമ്പ് തനിക്ക് അറിയാമായിരുന്നുവെന്നും അങ്കിത പറഞ്ഞു. ‘ ഈ സിനിമയിൽ പ്രവർത്തിച്ചത് അദ്ദേഹത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനിടയാക്കി. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യകൃതികളും ആ കാലഘട്ടത്തിലെ യുവാക്കളിൽ അദ്ദേഹത്തിന്റെ അഗാധമായ സ്വാധീനവും എന്നെ പ്രത്യേകിച്ച് ആശ്ചര്യപ്പെടുത്തി. അദ്ദേഹത്തിന്റെ രചനകളും ആശയങ്ങളും അദ്ദേഹത്തിന്റെ കാലഘട്ടത്തേക്കാൾ വളരെ മുന്നിലായിരുന്നു, അവ യുവ സ്വാതന്ത്ര്യ സമര സേനാനികളുടെ ഒരു തലമുറയെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ വശങ്ങൾ അനാവരണം ചെയ്‌തത് ശരിക്കും അനിവാര്യമായിരുന്നു ‘ – അങ്കിത ലോഖണ്ഡേ പറഞ്ഞു.
സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ കുറിച്ചും താരം സംസാരിച്ചു. ‘ ചിലർ ഇത് പ്രചരണം എന്ന് ലേബൽ ചെയ്തു, കല പലപ്പോഴും വ്യാഖ്യാനത്തിന് വിധേയമാണ്, എല്ലാവർക്കും അവരവരുടെ അഭിപ്രായത്തിന് അർഹതയുണ്ട്. സൃഷ്ടിപരമായ വിമർശനങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു, ‘ അവർ പറഞ്ഞു.
“കലാകാരന്മാരും സിനിമാ നിർമ്മാതാക്കളും എന്ന നിലയിൽ, കഥാപാത്രത്തിന്റെ ജീവിതത്തിന്റെ സമതുലിതവും സത്യസന്ധവുമായ ചിത്രീകരണം അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സിനിമ എഴുതുന്നതിന് മുമ്പ് രൺദീപ് നിരവധി ഗവേഷണങ്ങൾ നടത്തിയിരുന്നു . സവർക്കറുടെ സമ്പന്നമായ പൈതൃകത്തെ ഞങ്ങൾ ആദരിക്കുന്നു . ഈ സിനിമ നിങ്ങളെ നമ്മുടെ സമ്പന്നമായ ചരിത്രത്തിലേക്കും വീർ സവർക്കറുടെ ശ്രദ്ധേയമായ ജീവിതത്തിലേക്കും അടുപ്പിക്കും . ഇത് അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണ്, അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു .“ – അങ്കിത പറഞ്ഞു.