സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസി. ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റ്ലൈറ്റ് എന്ന TESS ഉപയോഗിച്ചാണ് എക്സോപ്ലാനറ്റിനെ നാസ കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെയാണ് ‘Gliese 12 b’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം.
ഒരു മാസത്തോളമായി തുടർച്ചയായി നിരീക്ഷിച്ചാണ് ടെസ് സാറ്റ്ലൈറ്റ് ഈ നിഗൂഢ ഗ്രഹത്തെ കണ്ടെത്തിയത്. ഗ്രഹത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് നക്ഷത്രങ്ങളുടെ തെളിച്ചത്തിലൂടെയാണ് എക്സോപ്ലാനറ്റിനെ കണ്ടെത്തിയത്. 20 സെക്കൻഡ് മുതൽ 30 മിനിറ്റ് സമയം വരെ ദൃശ്യമാകുന്ന മാറ്റങ്ങളെയാണ് അവലോകനം ചെയ്തത്. കണ്ടെത്തിയതിൽ വച്ച് ഏറ്റവും അടുത്തുള്ളതും ഭൂമിയുടേതിന് സമാനമായി വലുപ്പവും ഊർജ്ജവുമുള്ള ഗ്രഹമാണ് കണ്ടെത്തിയതെന്ന് ടോക്കിയോയിലെ ആസ്ട്ര ബയോളജി സെന്ററിലെ പ്രൊജക്ട് അസിസ്റ്റൻ്റ് പ്രൊഫ. മസയുകി അഭിപ്രായപ്പെട്ടു. ഇതിന് അന്തരീക്ഷമുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
107 ഡിഗ്രി ഫാരൻഹീറ്റാണ് ഉപരിതല ഊഷ്മാവായി കണക്കാക്കുന്നത്. ഉപരിതലത്തിൽ ജലം രൂപപ്പെടുന്നതിന് ആവശ്യമായ താപനില ഗ്രഹത്തിലുണ്ടോയെന്നും നാസ പഠിച്ചുവരികയാണ്. ഗ്രഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.