ഇസ്ലാമാബാദ്: പാകിസ്താനിൽ തങ്ങൾ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് താലിബാന് മുന്നറിയിപ്പുമായി ചൈന. അഫ്ഗാനിസ്ഥാനിൽ ചൈന നിക്ഷേപം നടത്താനൊരുങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത്തരത്തിൽ രാജ്യത്ത് നിക്ഷേപം വേണമെങ്കിൽ പാകിസ്താനിൽ തങ്ങൾ നടത്തുന്ന പദ്ധതികൾക്കെതിരെ നിൽക്കരുതെന്നാണ് ചൈന മുന്നറിയിപ്പ് നൽകിയത്.
അഫ്ഗാനിസ്ഥാനിലെ ധാതു, ഊർജ്ജ മേഖലകളിൽ ചൈന നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചുവെന്നും, എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാൻ ഉൾപ്പെടെ ഉള്ള ഭീകര സംഘടനകളുടെ നീക്കത്തിൽ ആശങ്കയുണ്ടെന്നുമാണ് ചൈനീസ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന് മുൻകരുതലെന്ന നിലയിൽ ടിടിപി ഉൾപ്പെടെയുള്ള ഭീകരസംഘടനകളെ നിയന്ത്രിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തെഹ്രീകെ താലിബാൻ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ചൈനയുടെ നീക്കം.
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെയും ബലൂചിസ്ഥാനിലുമായി ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭീകരസംഘടനകളുടെ ഭാഗത്ത് നിന്ന് വലിയ സുരക്ഷാ ഭീഷണി ഉയരുന്നുണ്ട്. അടുത്തിടെ പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പാകിസ്താനിൽ ചൈന നടത്തുന്ന പദ്ധതികൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇഷാഖ് ദാർ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനുമായി പാകിസ്താന്റെ ബന്ധം വഷളാകുന്നത് ചൈനയുമായുള്ള നയതന്ത്രബന്ധത്തെ ബാധിക്കില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്.