ന്യൂഡൽഹി: ജഗ്വാർ ലാൻഡ് റോവറിന്റെ (ജെഎൽആർ) റേഞ്ച് റോവർ ഇന്ത്യയിൽ നിർമിക്കാൻ ടാറ്റ മോട്ടേഴ്സ്. കമ്പനിയുടെ പൂനെ പ്ലാന്റിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. ആദ്യമായാണ് ബ്രിട്ടന് പുറത്ത് ജെഎൽആർ റേഞ്ച് റോവർ കാറുകൾ നിർമ്മിക്കുന്നത്. 2008 ലാണ് ടാറ്റ ജഗ്വാർ ലാൻഡ് റോവറിനെ ഏറ്റെടുത്തത്.
റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്സ് കാറുകൾ അസംബ്ലിങാണ് പ്രധാനമായും രാജ്യത്ത് നടക്കുക. ഈ മാസം അവസാനത്തോടെ ഈ കാറുകൾ വിതരണത്തിനെത്തുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ജഗ്വാർ ലാർഡ് റോവറിന് ആവശ്യക്കാരേറെയാണ്. വിപണിയിലുള്ള ആത്മവിശ്വാസം കൊണ്ടാണ് ലാൻഡ് റോവറിന്റെ നിർമാണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ജഗ്വാർ ലാൻഡ് റോവറിനെ ഏറ്റെടുക്കാനുളള ചെയർമാൻ എമറേറ്റ്സ് രത്തൻ ടാറ്റയുടെ തീരുമാനത്തിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്രയും കാലം ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജെഎൽആറിന്റെ യുകെ പ്ലാൻ്റിലായിരുന്നു റേഞ്ച് റോവറുകൾ നിർമിച്ചിരുന്നത്. അസംബ്ലിങ് ഇന്ത്യയിലേക്ക് മാറ്റുന്നത് വഴി വിലയിൽ 18-22 ശതമാനം വരെ കുറവുണ്ടാകും. ഇതോടെ റേഞ്ച് റോവറിന്റെ വില 3.3 കോടിയൽ നിന്ന് 2.6 കോടിയായി കുറയും. റേഞ്ച് റോവർ സ്പോർട്സിന്റെ വില 1.8 കോടിയിൽ നിന്ന് 1.4 കോടിയായി താഴും. ആഡംബര കാറുകളുടെ ഇറക്കുമതിക്ക് രാജ്യത്ത് 100 ശതമാനം നികുതി നൽകണം. ഇതിലുണ്ടാകുന്ന ലാഭമാണ് വില കുറയാൻ പ്രധാനമായും കാരണമാകുന്നത്.
54 വർഷത്തെ നീണ്ട ചരിത്രത്തിൽ ആദ്യമായാണ്, റേഞ്ച് റോവറും റേഞ്ച് റോവർ സ്‌പോർട്ടും യുകെയ്‌ക്ക് പുറത്ത് നിർമിക്കുന്നതെന്ന് ജെഎൽആർ ഇന്ത്യ എംഡി രാജൻ അംബ പറഞ്ഞു. ഇന്ത്യയിൽ നിർമിക്കാൻ സാധിച്ചത് അഭിമാനമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് റേഞ്ച് റോവർ മോഡലുകൾക്കൊപ്പം റേഞ്ച് റോവർ വെലാർ, റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ എഫ്-പേസ്, ഡിസ്‌കവറി സ്‌പോർട്ട് എന്നിവയുടെ അസംബ്ലിംങും പൂനെ ഫാക്ടറിയിൽ നടക്കും. മൂന്ന് വർഷം കൊണ്ട് ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. 2023 ൽ 4436 വാഹനങ്ങളാണ് ജെഎൽആർ ഇന്ത്യയിൽ വിറ്റഴിച്ചത്. 2022 നെ അപേക്ഷിച്ച് 81 ശതമാനമാണ് വർദ്ധന.