അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപവീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവും അടിയന്തര സഹായമായി അനുവദിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ സഹായവും നൽകാൻ പ്രാദേശിക ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിൽ നടത്തിയ പ്രതികരണത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അങ്ങേയറ്റം ദു;ഖകരമായ അപകടമാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ദുരന്തബാധിതർക്ക് എല്ലാ സഹായവും നൽകാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്‌സിൽ വ്യക്തമാക്കി.
വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്ഥാനത്തെയാകെ ദു:ഖത്തിലാക്കിയ ദുരന്തം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നു. താൽക്കാലിക സംവിധാനമായി ഒരുക്കിയ ഗെയിമിംഗ് സോൺ ഏറെക്കുറെ പൂർണമായി തകർന്ന നിലയിലാണെന്നാണ് റിപ്പോർട്ടുകൾ.