ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സെൻ്ററിലുണ്ടായ വമ്പൻ തീപിടിത്തത്തിൽ കുട്ടികളടക്കം 20ലേറെ പേർ വെന്തുമരിച്ചെന്ന് റിപ്പോർട്ടുകൾ.നിരവധി പേർക്ക് മാരകമായി പൊള്ളലേറ്റിട്ടുണ്ട്. ടിആർപി ഗെയിം സോൺ എന്നാണ് സെൻ്ററിന്റെ പേര്. ഇവിടെ നിരവധിപേർ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. ഇന്ന് വൈകിട്ടായിരുന്നു ദാരുണ സംഭവം.
നാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 20 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് രാജ്കോട്ട് കമ്മിഷണർ രാജു ഭാർഗ വ്യക്തമാക്കി. ഞങ്ങൾ കഴിയുന്നത്രയും മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ 20 എണ്ണം പുറത്തെടുത്തു. ഇവ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവരാജ് സിംഗ് സോളങ്കി എന്നയാളാണ് ഗെയിം സോണിന്റെ ഉടമ.രക്ഷാപ്രവർത്തിന് ശേഷം തീപിടിത്തത്തിന്റെ കാരണമടക്കം വ്യക്തമാക്കാം—കമ്മിഷണർ പറഞ്ഞു.
അടിയന്തര ചികിത്സകൾക്കുള്ള എല്ലാ സംവിധാനവും സജ്ജമാക്കാൻ ഉദ്യോഗസ്ഥർക്കും നഗരസഭ ഭരണകൂടത്തിനും നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷമേ മരണ സംഖ്യ വ്യക്തമാകൂയെന്നും ഇതുവരെ മിസിംഗ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മുൻസിപ്പിൽ കമ്മിഷണർ ആനന്ദ് പട്ടേൽ പറഞ്ഞു.