ബെംഗളൂരു: ആപ്പിൾ ഐഫോണിന് ശേഷം ഗൂഗിളിന്റെ പിക്സൽ ഫോണുകളും ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ രാഷ്‌ട്രീയയുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തമിഴ്നാടുമായി സഹകരിക്കാൻ ഗൂഗിൾ തീരുമാനിച്ചുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ കർണാടക സർക്കാരിനെതിരെ രോഷം ഇരമ്പുകയാണ്.
സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിനാൽ കർണാടകയ്‌ക്ക് നിക്ഷേപ അവസരം നഷ്ടമായെന്ന് ബിജെപി ആരോപിച്ചു. സ്മർട്ട് ഫോണുകളും ഡ്രോണുകളും നിർമിക്കാൻ ഗൂഗിൾ തമിഴ്നാട്ടിൽ കോടിക്കണക്കിന് നിക്ഷേപമാണ് നടത്താനൊരുങ്ങുന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ അനന്തരഫലമാണ് കർണാടക അനുഭവിക്കുന്നതെന്നും കർണാടക ബിജെപി അദ്ധ്യക്ഷൻ ബി.വൈ വിജയേന്ദ്ര ആരോപിച്ചു. ക്രമസമാധാന നിലയിലെ പാളിച്ചകളും ബിസിനസിന് അനുകൂലമല്ലാത്ത സാഹചര്യവും കാരണം നിക്ഷേപകർ മുഖം തിരിക്കുകയാണ്. യുക്തിപരമല്ലാത്ത നയങ്ങളിൽ നിക്ഷേപകർക്ക് അതൃപ്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഓക്ടോബറിലാണ് പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ സ്മാർട്ട് ഫോണുകളുടെ പ്രാദേശിക ഉത്പാദനം ഇന്ത്യയിൽ ആരംഭിക്കാനുള്ള താത്പര്യം ഗൂഗിൾ പ്രകടിപ്പിച്ചത്. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പിക്സലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുകയെന്നാണ് നേരത്തെ ഗൂഗിൾ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് ഗൂഗിൾ തമിഴ്നാട്ടിൽ നിർമ്മിക്കാനൊരുങ്ങുന്നത്. തായ്‌വാനീസ് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പുമായി കൈകോർത്താണ് ഗൂഗിൾ പിക്സൽ ഫോണുകൾ നിർമിക്കുക.
കേന്ദ്ര സർക്കാരിന്റെ ഫ്‌ളാഗ്‌ഷിപ്പ് പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി നിക്ഷേപകർക്ക് വൻ അവസരങ്ങളാണ് നൽകുന്നത്. ഇതുവഴി സ്‌മാർട്ട് ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരങ്ങളുടെ പ്രാദേശിക നിർമ്മാണം ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നു. ചൈനയിൽ നിന്ന് നിർമാതാക്കളെ ആകർഷിക്കാനും ആഗോള ഉത്പാദന കേന്ദ്രമായി മാറുന്നുള്ള ഭാരതത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുത്തൻ നീക്കങ്ങൾ.