കാൻ ഫെസ്റ്റിവലിൽ ചരിത്രനേട്ടം സ്വന്തമാക്കി നടി അനസൂയ സെൻഗുപ്ത. അൺ സെർട്ടെൻ റിഗാർഡ് സെഗ്മെന്റ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അനസൂയ. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാന്റിൻ ബൊജനോവിന്റെ ഹിന്ദി ചിത്രമായ ദി ഷെയിംലെസിലെ അഭിനയത്തിനാണ് അവാർഡ്.
മെയ് 17-ന് കാനിൽ പ്രദർശിപ്പിച്ച സിനിമ ലൈംഗിക തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണത്തിന്റെയും ദുരിതത്തിന്റെയും കഥയാണ് പറയുന്നത്. മിതാ വസിഷ്ത്, തൻമയ് ധനാനിയ, രോഹിത് കൊക്കേറ്റ്, ഔരോഷിഖ ഡേ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ക്വീർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി പുരസ്‌കാരം സമർപ്പിക്കുന്നുവെന്ന് അനസൂയ പറഞ്ഞു.
പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തതിന് ശേഷമാണ് അനസൂയ അഭിനയ രംഗത്തേക്ക് കടക്കുന്നത്. മനോജ് ബാജ്പേയി, അനുപം ഖേർ അഭിനയിച്ച സാത് ഉച്ചക്കി, അലി ഫസൽ അഭിനയിച്ച ഫോർഗെറ്റ് മി നോട്ട് തുടങ്ങിയ ചിത്രങ്ങളിലാണ് പ്രെഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചത്. 2009-ൽ അർജുൻ ദത്തയുടെ മാഡ്‌ലീ ബംഗാളീ എന്ന ചിത്രത്തിൽ സഹതാരമായി അഭിനയിച്ചുകൊണ്ടാണ് കടന്നുവരവ്.