ചെന്നൈ: തമിഴ് നാട്ടിൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷനും പോലീസും തമ്മിലുള്ള മൂപ്പിളമത്തർക്കം പുതിയ തലത്തിലേക്ക്. പോലീസ് ട്രാൻസ്‌പോർട്ട്ബസുകൾ തടഞ്ഞു നിർത്തി ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തുന്ന നടപടി വ്യാപകമായെന്ന് ആരോപണം.. യൂണിഫോമും നെയിം ബാഡ്ജും ശരിയായി ധരിക്കാത്തതിന് മൂന്ന് TNSTC ബസ് ഡ്രൈവർമാർക്കെതിരെ വള്ളിയൂർ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ 500 രൂപ വീതം പിഴ ചുമത്തി. തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടിഎൻഎസ്‌ടിസി ബസ് ഡ്രൈവർമാർക്കെതിരെ പോലീസ് ഉദ്യോഗസ്ഥർ പിഴ ചുമത്തുന്ന സംഭവങ്ങൾ വർദ്ധിച്ചസാഹചര്യത്തിൽ പ്രശ്നം പരിഹരിക്കണമെന്ന് ട്രാൻസ്പോർട്ട് യൂണിയനുകളിലെ തൊഴിലാളികൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ ബസിൽ ഒരു കോൺസ്റ്റബിൾ ടിക്കറ്റ് എടുക്കാൻ വിസമ്മതിക്കുകയും കണ്ടക്ടറുമായി തർക്കത്തിലേർപ്പെടുകയും ചെയ്തതു മുതൽ ടിഎൻഎസ്‌ടിസിയും പോലീസും തമ്മിൽ സംഘർഷം പുകയുകയാണ്
ചൊവ്വാഴ്ച തിരുനെൽവേലിയിൽ സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെ ടിക്കറ്റ് വാങ്ങാൻ വിസമ്മതിക്കുന്ന പോലീസ് കോൺസ്റ്റബിളിന്റെ വീഡിയോ ബുധനാഴ്ച സൈബർ ലോകത്ത് വൈറലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാഗർകോവിലിൽ നിന്ന് തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന ടിഎൻഎസ്‌ടിസി ബസ് നാങ്കുനേരിയിൽ എത്തിയപ്പോൾ യൂണിഫോമിലായിരുന്ന കോൺസ്റ്റബിൾ എം അറുമുഖപാണ്ടി കോടതി ജങ്ഷനിൽ നിന്ന് ബസിൽ കയറി. ടിക്കറ്റിനായി ബസ് കണ്ടക്ടർ സമീപിച്ചപ്പോൾ സർക്കാർ ജീവനക്കാരനായതിനാൽ സൗജന്യ ബസ് യാത്രയ്‌ക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അറുമുഖപാണ്ടി ടിക്കെറ്റ് എടുത്തില്ല.
അറുമുഖപാണ്ടിയുടെ ഈ ആവശ്യം നിരസിച്ച ബസ് കണ്ടക്ടർ, ചട്ടം അനുസരിച്ച്, വാറൻ്റ് ഉള്ള പോലീസുകാർക്ക് മാത്രമേ സൗജന്യ യാത്രയ്‌ക്ക് അർഹതയുള്ളൂ എന്ന് പറഞ്ഞു, ബസ് നിർത്തി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമിഴ്‌നാട്ടിലെ പോലീസുകാർക്ക് സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ അനുവാദമില്ലെന്ന് ഗതാഗത വകുപ്പ് അതിന്റെ ഔദ്യോഗിക ‘എക്‌സ്’ ഹാൻഡിലിൽ വ്യക്തമാക്കി. പോലീസുകാരനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ വിവാദം പടരുകയായിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. കഴിഞ്ഞ രണ്ട് ദിവസമായി ടിഎൻഎസ്‌ടിസി ബസുകൾ തടഞ്ഞു നിർത്തി ഡ്രൈവർമാർക്ക് പിഴ ചുമത്തുകയാണ് പോലീസ് ഇപ്പോൾ ചെയ്യുന്നത്.
തമിഴ്‌നാട്ടിൽ പോലീസുകാർക്ക് സൗജന്യ ബസ് യാത്ര ഇല്ലെന്ന ഗതാഗത വകുപ്പിന്റെ പ്രസ്താവന എടുത്തു കാണിച്ച് ടിഎൻഎസ്‌ടിസി വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ രാധാകൃഷ്ണൻ തിരുനെൽവേലിയിൽ നിന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.
കോയമ്പത്തൂരിൽ നിന്നുള്ള ട്രാൻസ്പോർട്ട് തൊഴിലാളി യൂണിയനുകൾ ഗതാഗത വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആഭ്യന്തര സെക്രട്ടറിയുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോൺസ്റ്റബിളിന് എത്ര ദൂരം സൗജന്യമായി യാത്ര ചെയ്യാമെന്നും ഏതൊക്കെ ബസുകളിൽ യാത്ര ചെയ്യാമെന്നും മാർഗരേഖ വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതേ വിഷയത്തിൽ അഞ്ച് വർഷം മുമ്പ് നാഗർകോവിലിലെ വള്ളിയൂരിൽ ഡ്യൂട്ടിയിലായിരുന്ന ഗാർഡ് ആക്രമിക്കപ്പെട്ടിരുന്നു. വില്ലുപുരം-ചെന്നൈ റൂട്ടിലോടുന്ന ഒരു ബസ്സിലെ കണ്ടക്ടർ യൂണിഫോം ധരിക്കാത്ത പോലീസുകാരനും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് ബസ്സിൽ വെച്ച് മരണമടഞ്ഞിരുന്നു.