ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ കശ്മീരിൽ റെക്കോർഡ് പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വൻ വർദ്ധനയാണ് പോളിംഗ് ശതമാനത്തിലുണ്ടായത്. ഏഴ് മണി കഴിഞ്ഞും പോളിംഗ് കേന്ദ്രങ്ങളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.
ശ്രീനഗറിലും ബാരാമുള്ളയിലും അനന്ത്‌നാഗ്-രജൗരിയിലും പോളിംഗിൽ വർദ്ധനവ് രേഖപ്പെടുത്തി. 2019 -ലെ പോളിംഗിനെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ശ്രീനഗറിലും ബാരാമുള്ളയിലും പോളിംഗ് ശതമാനം ഇരട്ടിയായിട്ടുണ്ട്. 2019ൽ 14.43 ശതമാനമായിരുന്നു ശ്രീനഗറിലെ പോളിംഗ് ഇത്തവണ 38.49 ശതമാനമായി ഉയർന്നു. ബാരമുള്ളയിൽ 34.6 ആയിരുന്ന പോളിംഗ് ശതമാനം 59.10 ആയി കുതിച്ചു.
ഉദ്ദംപൂർ, ജമ്മു, ശ്രീനഗർ, ബാരാമുള്ള, അനന്ത്‌നാഗ്-രജൗരി എന്നിവയുൾപ്പെടെ ആകെ അഞ്ച് ലോക്‌സഭാ സീറ്റുകളാണ് ജമ്മു-കശ്മീരിലുള്ളത്.