ന്യൂഡൽഹി: വോട്ടിംഗ് ശതമാനത്തിൽ കൃത്രിമം കാണിക്കുന്നുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായ അഞ്ച് ഘട്ടങ്ങളുടെയും വോട്ടിംഗ് ശതമാനവും വോട്ടർമാരുടെ എണ്ണവും ഉൾപ്പെടെ പുറത്തുവിട്ട ശേഷമായിരുന്നു കമ്മീഷന്റെ വിശദീകരണം.
തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുളളതാണ് ഇത്തരം പ്രചാരണങ്ങളെന്നും കമ്മീഷൻ വിശദമാക്കി. കണക്ക് അനുസരിച്ച് ഒന്നാം ഘട്ടത്തിൽ 66.14 ശതമാനമാണ് പോളിംഗ്. 102 മണ്ഡലങ്ങളിലാണ് അന്ന് വോട്ടെടുപ്പ് നടന്നത്. കേരളം ഉൾപ്പെടെ 88 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന രണ്ടാം ഘട്ടത്തിൽ 66.71 ശതമാനമാണ് പോളിംഗ്. 93 മണ്ഡലങ്ങളിൽ വിധിയെഴുതിയ മൂന്നാം ഘട്ടത്തിൽ 65.68 ശതമാനവും 96 മണ്ഡലങ്ങളിൽ വിധിയെഴുതിയ നാലാം ഘട്ടത്തിൽ 69.16 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 49 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന അഞ്ചാം ഘട്ടത്തിൽ 62.20 ശതമാനവുമാണ് പോളിംഗ്.
ഓരോ പോളിംഗ് ബൂത്തിലും രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് ശതമാനവും വോട്ടെടുപ്പ് പൂർത്തിയായി 48 മണിക്കൂറിനുളളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം ഉൾപ്പെടെ സമാഹരിക്കുന്നത് കഠിനമേറിയതും സുതാര്യവും കൂട്ടായ പ്രവൃത്തിയുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.
പോളിംഗ് ശതമാനം പരസ്യപ്പെടുത്താൻ വൈകിയെന്ന ആരോപണം കമ്മീഷൻ നേരത്തെ നിഷേധിച്ചിരുന്നു. വോട്ടർ ടേൺഔട്ട് ആപ്പിലൂടെ ഈ വിവരം വോട്ടെടുപ്പ് കഴിഞ്ഞാൽ രണ്ട് മണിക്കൂർ കൂടുമ്പോൾ പുറത്തുവിടുന്നുണ്ടെന്നും വോട്ടെടുപ്പ് പൂർത്തിയായാൽ കണക്കുകൾ അപ്ഡേറ്റ് ചെയ്യാറുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.