പാകിസ്താ ൻ ക്രിക്കറ്റ് ബോർഡ് വച്ചുനീട്ടിയ ഉപനായക സ്ഥാനം തട്ടിത്തെറിപ്പിച്ച് മുൻ ടി20 ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി. ക്രിക് ഇൻഫോയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബാബർ അസമിന്റെ ഡെപ്യൂട്ടിയായി ഷഹീനെ നിയമിക്കാനായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. എന്നാൽ ഇത് താരം നിരസിക്കുകയായിരുന്നു. നിലവിൽ ഒരു വൈസ് ക്യാപ്റ്റൻ ഇല്ലാതെയാണ് പാകിസ്താൻ ടി20 ലോകകപ്പിന് പോകുന്നത്.
മാസങ്ങൾ മാത്രം നീണ്ടു നിന്നതായിരുന്നു ഷഹീൻ അഫ്രീദിയുടെ ടി20 ക്യാപ്റ്റൻ സ്ഥാനം. ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിലെ തോൽവിയോടെ താരത്തെ പുറത്താക്കുകയായിരുന്നു. ഏകദിന ലോകകപ്പിന് പിന്നാലെ ബാബർ അസം രാജിവച്ചതിനെ തുടർന്നാണ് ഷഹീനെ ക്യാപ്റ്റനാക്കിയത്. എന്നാൽ പുതിയ പിസിബി ചെർമാൻ വന്നതോടെ സീറ്റ് തെറിച്ചു.
ഇതിൽ കടുത്ത അമർഷമുള്ള താരം പരസ്യമായി പ്രതികരിക്കാൻ കാത്തിരുന്നെങ്കിലും പിന്നീട് വിശദീകരണങ്ങൾ നിരത്തി അഫ്രീദിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. തന്നെ വഞ്ചിച്ചാണ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്നാണ് ഷഹീൻ ഷാ അഫ്രീദിയുടെ വാദം.