കാഠ്മണ്ഡു : ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച രണ്ട് സ്‌കൂളുകൾ നേപ്പാളിൽ ഉദ്ഘാടനം ചെയ്തു. നേപ്പാൾ – ഇന്ത്യ വികസന സഹകരണ പദ്ധതി പ്രകാരമുളള ഗ്രാൻഡ് ഉപയോഗിച്ചാണ് സ്‌കൂളുകൾ നിർമിച്ചത്.
ഡാംഗിലെ ലമാഹി മുനിസിപ്പാലിറ്റിയിൽ 17.60 ദശലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ശ്രീ ബാല ജനത സെക്കൻഡറി സ്‌കൂളും ഡാംഗിലെ തന്നെ ഘോരഹി സബ് മെട്രോപൊളിറ്റൻ സിറ്റിയിൽ 28.70 ദശലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ശ്രീ പദ്‌മോദയ പബ്ലിക് മോഡൽ സെക്കൻഡറി സ്‌കൂളുമാണ് ഉദ്ഘാടനം ചെയ്തത്.
ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകൾ നടപ്പിലാക്കാൻ നേപ്പാളും ഇന്ത്യയും ഒപ്പുവെച്ച കരാറിന്റെ ഭാഗമാണ് രണ്ട് പദ്ധതികളുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. 2003 മുതൽ നേപ്പാളിൽ ഇത്തരത്തിലുളള 551 പദ്ധതികളാണ് ഇന്ത്യൻ സർക്കാർ ഏറ്റെടുത്തത് ഇതിൽ 490 എണ്ണവും പൂർത്തിയായി.
ലുംബിനി പ്രവിശ്യയിലെ 61 പദ്ധതികളും ഡാംഗിലെ ആറ് പദ്ധതികളും ഇതിൽ ഉൾപ്പെടും. ഇതിന് പുറമേ ഇന്ത്യ 1009 ആംബുലൻസുകളും 300 സ്‌കൂൾ ബസുകളും നേപ്പാളിലെ വിവിധ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. അയൽക്കാർ ആദ്യമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയത്തിന്റെ ഭാഗമായിട്ടാണ് നേപ്പാളിൽ കൂടുതൽ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യ പങ്കാളിയായത്.
ഇന്ത്യയും നേപ്പാളും അടുത്ത ബന്ധമാണ് പുലർത്തുന്നതെന്നും നേപ്പാൾ ജനതയുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.