ന്യൂഡൽഹി: 1918 ലെ കപ്പൽ ആക്രമണത്തെ അതിജീവിച്ച അപൂർവ ഇന്ത്യൻ നോട്ടുകൾ ലണ്ടനിൽ ലേലത്തിന്. 10 രൂപയുടെ രണ്ട് ഇന്ത്യൻ കറൻസികളാണ് മെയ് 29 ന് നടക്കുന്ന ലേലത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലോകത്തിലെ അപൂർവയിനം നോട്ടുകളുടെ ലേലത്തിലാണ് ഈ ഇന്ത്യൻ നോട്ടുകളും ഇടം പിടിച്ചിരിക്കുന്നത്.
1918 ൽ മുംബൈയിൽ നിന്നും ലണ്ടനിലേക്ക് പോയ എസ് എസ് ഷിരാല എന്ന കപ്പലിലെ നോട്ടുകളാണ് ലേലത്തിന് വച്ചിരിക്കുന്നത്. കപ്പലിൽ നോട്ടുകൾ കൂടാതെ ആയുധശേഖരം, വൈൻ മുതലായ വസ്തുക്കളും ഉണ്ടായിരുന്നു. എന്നാൽ വഴിമധ്യേ ജർമ്മൻ യു-ബോട്ടിന്റെ മിസൈൽ ആക്രമണത്തിൽ കപ്പൽ തകർന്ന് കടലിൽ മുങ്ങുകയായിരുന്നു. അധികാരികൾ ഒപ്പിട്ടതും ഇടാത്തതുമായ ബാങ്ക് നോട്ടുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവയിൽ വലിയൊരു ഭാഗവും കപ്പൽ തകർന്ന ഐറിഷ് തീരത്തടിഞ്ഞു. തുടർന്ന് അധികാരികൾ ഇവ വീണ്ടെടുത്ത് നശിപ്പിക്കുകയും പകരം പുതിയ നോട്ടുകൾ അച്ചടിക്കുകയും ചെയ്തു. 1918 മെയ് 25 ന് അച്ചടിച്ച ബാങ്ക് നോട്ടുകൾ ആയിരുന്നു ഇവ. നോട്ടുകൾക്ക് തുടർച്ചയായ സീരിയൽ നമ്പറുകൾ ഉണ്ടെന്നതും ഉപ്പു രസമുള്ള കടൽ വെള്ളവുമായി സമ്പർക്കത്തിൽ വന്നിട്ടും കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നുള്ളതും അധികൃതരെ അത്ഭുതപ്പെടുത്തുന്നു.
ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലുണ്ടായിരുന്ന അപൂർവ 100 രൂപ നോട്ടും ലേലത്തിലുണ്ട്. കൊൽക്കത്തയിൽ അച്ചടിച്ച ഈ നോട്ടിൽ തുക എത്രയാണെന്ന് ഹിന്ദി, ബംഗാളി ഭാഷകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനിലെ നൂനൻസ് മെയ്ഫെയർ ഓക്ഷൻ ഹൗസിലാണ് ലേലം നടക്കുന്നത്.