അഹമ്മദാബാദ്: തുടർച്ചയായ വിജയക്കുതിപ്പിനു പിന്നാലെ എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങിയ കോഹ്ലിക്കും സംഘത്തിനും നിരാശ. റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് തകർത്ത് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി സഞ്ജുവും സംഘവും. മറ്റന്നാൾ രണ്ടാം ക്വാളിഫയറിൽ രാജാസ്ഥാൻ ഹൈദരബാദിനെ നേരിടും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു-174/6. യശസ്വി ജയ്സ്വാള്‍ 30 പന്തിൽ 45 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ റിയാന്‍ പരാഗ് 26 പന്തില്‍ 36ഉം ഹെറ്റ്മെയര്‍ 14 പന്തില്‍ 26ഉം റണ്‍സെത്തു.
22 പന്തില്‍ 34 റണ്‍സ് നേടിയ രജത് പടിദാറാണ് ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാനുവേണ്ടി ആവേശ് ഖാന്‍ 44 റണ്‍സിന് മൂന്നും അശ്വിന്‍ 19 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി ഗംഭീര തുടക്കമാണ് കാഴ്ചവച്ചത്. എന്നാല്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ ഡൂപ്ലെസിയെ(17) റൊവ്മാന്‍ പവല്‍ പറന്നു പിടിച്ച് ആര്‍സിബിക്ക് അടി തെറ്റാൻ തുടങ്ങി. വിരാട് കോലിയും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ആര്‍സിബിയെ 50 കടത്തിയെങ്കിലും ചാഹലിനെ സിക്സ് പറത്താനുള്ള കോലിയുടെ(33)ശ്രമം ബൗണ്ടറിയില്‍ ഡൊണോവന്‍ ഫെരേരയുടെ കൈകളിലൊതുങ്ങി.