ഗുരുവായൂർ : വൈശാഖ മാസമായതോടെ ഗുരുവായൂർ ക്ഷേത്രവും പരിസരവും ഭക്തജന തിരക്കിലാണ്. ചൊവ്വാഴ്ചയും ക്ഷേത്രത്തിൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.

വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം വേഗത്തിൽ ദർശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം.പൊതു അവധി ദിനങ്ങളിൽ നിലവിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ട്.

ഈ നിയന്ത്രണം മേയ് 18 ശനിയാഴ്ച മുതൽ ആരംഭിച്ച് വൈശാഖംമാസം അവസാനിക്കുന്ന ജൂൺ 6 വരെ തുടരാനാണ് ദേവസ്വം തീരുമാനം. ഇതു വഴി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വരിനിന്ന് സുഖദർശനം സാധ്യമാകും.


പൊതു അവധി ദിനങ്ങളിൽ നടപ്പാക്കിയ ദർശന ക്രമീകരണത്തിന് ഭക്തരിൽ നിന്ന് വൻ പിന്തുണയും സഹകരണവും ലഭിച്ചിരുന്നു. അതേ സമയം ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്കുള്ള ദർശന സൗകരും പ്രസ്തുത ദിവസങ്ങളിൽ ഉണ്ടാകും


