ഗുരുവായൂർ: തൃശൂർ പൂരം പോലീസിന്റെ അമിതാധികാര പ്രയോഗം കൊണ്ട് അട്ടിമറിക്കപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണ വേണമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ അമ്പേ പരാജയപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് മഠത്തിൽ വരവ് തുടങ്ങുന്ന ബ്രഹ്മസ്വം മഠത്തിൽ വച്ചു അസി. കമ്മീഷണറുടെ നേതൃത്വത്തിൽ ബഹളം ഉണ്ടായിരുന്നു. അതിന് താൻ സാക്ഷിയാണ്. ഒരു പ്രശ്നം വേണ്ട എന്ന് കരുതിയാണ് അവിടെ ഒന്നും സംസാരിക്കാതിരുന്നത്. ഇത് തുടർന്ന് രാത്രി തിരുവമ്പാടി ക്ഷേത്രത്തിൻറെ വിളക്കെടുക്കുന്ന ആളെ പോലും തള്ളി മാറ്റുന്ന അവസ്ഥ ഉണ്ടായി. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.
രാത്രി 11 മണിക്ക് തുടങ്ങിയ പ്രശ്നം പരിഹരിക്കാൻ എന്തുകൊണ്ടാണ് രാവിലെ വരെ കാത്തിരിക്കേണ്ടി വന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇത് ഒരു ഹിഡൻ അജണ്ടയുടെ ഫലമാണ്. അസുഖം ആണെന്ന് പറഞ്ഞു പൂരനഗരിയിലേക്ക് വരാതിരുന്ന ബിജെപി സ്ഥാനാർത്ഥി പുലർച്ചെ ത്തിയത് ഇതിൻറെ ഭാഗമാണ് .1962 ചൈന യുദ്ധം നടന്ന സമയത്താണ് ആദ്യമായി പൂരം റദ്ദാക്കിയത്. പിന്നീട് കോവിഡ് കാരണവും പൂരം റദ്ദാക്കേണ്ടിവന്നു. എന്നാൽ പോലീസിന്റെ നിരുത്തരവാദപരമായ സമീപനത്താൽ വെടിക്കെട്ട് മാറ്റി വച്ച് പൂരത്തിന്റെ ശോഭ കെടുത്തിയത് അന്വേഷിക്കേണ്ടതുണ്ട്. ഇത് ദൗർഭാഗ്യകരമായ സംഭവമാണ്.
സംസ്ഥാന സർക്കാരിൻറെയും ബിജെപിയുടെയും രഹസ്യ അജണ്ടയ്ക്ക് പൂരം പോലെ ഒരു ദേശീയ ഉത്സവത്തെ കരുവാക്കിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ജില്ലയുടെ ചാർജുള്ള മന്ത്രി കെ.രാജൻ സ്ഥലത്തുണ്ടായിരുന്നിട്ടും എന്തിനാണ് ഇത്രയധികം വൈകിച്ചത്. രാത്രി പൂരവും പകൽ വെടിക്കെട്ടും എന്ന അവസ്ഥയിലേക്ക് തൃശൂർ പൂരത്തെ കൊണ്ടെത്തിച്ചതിന് ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയാണ്. മന്ത്രിയെക്കാൾ മേലെയാണോ പോലീസ് എന്നും അദ്ദേഹം ചോദിച്ചു.
എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പൂരത്തിന് പല നിയന്ത്രണങ്ങളും കൊണ്ടുവന്നത്. സംസ്ഥാന സർക്കാർ ഈ അട്ടിമറി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു