വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ സർക്കാർ നീട്ടിയിരുന്നെങ്കിലും കെ സ്മാർട്ട് പദ്ധതിയിൽ സാങ്കേതികമായ തടസ്സങ്ങളും കാലതാമസവും നേരിടുന്നതിനാൽ ലൈസൻസുകൾ പുതുക്കുന്ന പ്രക്രിയ സാധാരണ നിലയിൽ നടക്കാത്ത സാഹചര്യം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ സമയപരിധി നീട്ടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖാന്തിരം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിക്ക് ഗുരുവായൂർ മർച്ചൻസ് അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചുകൊണ്ട് ജൂൺ 30 വരെ പിഴ കൂടാതെ ലൈസൻസുകൾ പുതുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഗുരുവായൂരിലെ ലോഡ്ജുകൾക്ക് സെപ്റ്റിക് ടാങ്ക് മാലിന്യ സംസ്കരണ കണക്ഷൻ എടുത്തിരിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും പലസ്ഥലങ്ങളിലും അതിനുള്ള ലൈനുകൾ സ്ഥാപിച്ചിരുന്നില്ല. ഈ വിഷയവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതനുസരിച്ച് സംസ്കരണ പ്ലാന്റിലേക്കുള്ള ലൈനുകൾ എത്താത്ത സ്ഥലങ്ങളിൽ ട്രീറ്റ്മെൻറ് ലൈൻ വരുന്ന മുറയ്ക്ക് കണക്ഷൻ എടുക്കാമെന്ന് സത്യപ്രസ്താവന നൽകിയശേഷം ലൈസൻസുകൾ പുതുക്കാനുള്ള അവസരം ഒരുക്കാം എന്നും മന്ത്രി ഉറപ്പു നൽകി.
ശ്രീവത്സം ഗസ്റ്റ് ഹൗസിൽ , നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ സാന്നിദ്ധ്യത്തിൽ, നിവേദക സംഘവുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ജി.കെ. പ്രകാശ് ,ജി എം എ പ്രസിഡണ്ട് ടി. എൻ. മുരളി, ജനറൽ സെക്രട്ടറി റഹ് മാൻ തിരുനെല്ലൂർ എന്നിവർ സംബന്ധിച്ചു.