ഗുരുവായൂർ: രാജ്യത്ത് ഡിജിറ്റൽ മണി ഉപയോഗം നടത്തുന്ന കച്ചവടക്കാരുടെ ക്രയവിക്രയങ്ങളുടെ സ്വഭാവം നോക്കി ലോൺ നല്കാൻ ബാങ്കുകൾ മുന്നോട്ട് വരുന്ന പ്രവണത വർധിച്ചതായി സന്ദീപ് ജി വാര്യർ പ്രസ്താവിച്ചു. ഭാരതീയ വ്യാപാരി വ്യവസായി സംഘം ഗുരുവായൂർ യൂണിറ്റ് സംഘടിപ്പിച്ച ചാണക്യ ദിനം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ മുദ്രാ ലോൺ, സ്റ്റാർട്ട് അപ്പ് പദ്ധതികളുടെ ഫലമായി സംരംഭ മേഖലയിൽ വലിയ ഉണർവ്വാണ് ഉണ്ടായിരിക്കുന്നത്. കോർപറേറ്റ് സ്ഥാപനങ്ങളുടെ വർദ്ധനവ് കൊണ്ടുണ്ടായിട്ടുള്ള തൊഴിലവസരങ്ങളും സാമ്പത്തിക ക്രയ വിക്രയങ്ങളും മനസ്സിലാക്കാൻ കഴിവില്ലാത്ത പ്രതിപക്ഷ പാർട്ടികൾ വെറുതെ അപവാദ പ്രചരണങ്ങൾ നടത്തുകയാണെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
ഗുരുവായൂർ ബ്രാഹ്‌മണ സമൂഹമഠം ഹാളിൽ സംഘടിപ്പിച്ച പരിപാടി ബിവിവിഎസ് ജില്ലാ പ്രസിഡന്റ് രഘുനാഥ് വെള്ളാട്ട് ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ. പ്രഭാകരൻ നായർ അധ്യക്ഷനായിരുന്നു. ചാവക്കാട് താലൂക്ക് ട്രഷറർ ജി. ജി. കൃഷ്ണൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി ടി. നിരാമയൻ നന്ദിയും പറഞ്ഞു.