ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി കലശ ചടങ്ങുകൾ തുടങ്ങി. ചൊവ്വാഴ്ച ദീപാരാധനയ്ക്ക് ശേഷം ആചാര്യ വരണം. ഗണപതി പൂജ, മുളയിടൽ എന്നിവ നടന്നു. 19ന് തത്ത്വ കലശവും 20ന് സഹസ്രകലശവും ബ്രഹ്മകലശവും നടക്കും. കലശ ചടങ്ങുകൾ 20ന് പൂർത്തിയാകും.
കലശ ദിനങ്ങളിൽ ദർശനത്തിന് വടക്കേ നടയിലൂടെയാകും നാലമ്പലത്തിലേക്കും പുറത്തേക്കും ഭക്തരെ കടത്തി വിടുക. കലശം, ഉത്സവം എന്നിവയുമായി ബന്ധപ്പെട്ട് മാർച്ച് ഒന്ന് വരെയുള്ള ദിവസങ്ങളിൽ അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിൽ പ്രവേശനമുണ്ടാകില്ല. കൊടിമരത്തിന് സമീപം നിന്ന് ഭഗവദ് ദർശനം നടത്താം. ചോറൂൺ, തുലാ ഭാരം തുടങ്ങിയ വഴിപാടുകൾക്ക് തടസമില്ല. ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനം മാർച്ച് ഒന്നുവരെ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.