ചാവക്കാട്: പാലയൂർ ഇടവകയുടെ ചരിത്രത്തിൽ പുതുചരിത്രം രചിച്ച് ഒരുമനയൂര്‍ ഇൻ സ്പോർട്സ് മൈതാനത്ത് ആവേശോജ്ജലമായ പാലയൂർ സൂപ്പർ ലീഗ് സീസൺ 1 ന് തിരശ്ശീല വീണു.
സെന്റ് ഫ്രാൻസിസ് സ്കൂൾ പ്രിൻസിപ്പാള്‍ ഫാ.ജോജി വർഗ്ഗീസ് ആദ്യ കിക്ക് എടുത്ത് പാലയൂർ സൂപ്പർ ലീഗിന് തുടക്കം കുറിച്ചു.
തുടര്‍ന്ന് ഉദ്ഘാടന മത്സരത്തില്‍ സീനിയേര്‍സ് എഫ്.സി യും ദിദിമോ എഫ്. സി യും ഏറ്റുമുട്ടി. എട്ടു ടീമുകൾ മാറ്റുരച്ച മത്സരങ്ങള്‍ തീപാറുന്ന പോരാട്ടങ്ങളായി,ഫൈനലിൽ ഐക്കൺ പ്ലേയർ പ്രിൻസ് പിയൂസ് നേടിയെടുത്ത ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തോടെ വാകയിൽ ഫാമിലി പാലയൂർ സൂപ്പർ ലീഗ് കിരീടത്തില്‍ മുത്തമ്മിട്ടു. സെമി ഫൈനല്‍ റൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആന്റോ സൗണ്ട് പാലയൂരിനെ കീഴടക്കിക്കൊണ്ട് വാകയിൽ ഫാമിലി ഫൈനലില്‍ പ്രവേശിച്ചത്.ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ആധികാരിക വിജയത്തോടെയാണ് യു എ ഇ കൂട്ടായ്മയെ മറികടന്ന് ചെമ്മണ്ണൂർ പാവൂസ് ഫാമിലി ഫൈനലിലേക്ക് പ്രവേശിച്ചത്. പി.എസ്.എല്‍ പ്രഥമ വിജയികളായ വാകയില്‍ ഫാമിലിക്ക് തീർത്ഥ കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ ട്രോഫി നൽകി ആദരിച്ചു. റണ്ണറപ്പ് വിജയികളായ ചെമ്മണ്ണൂർ പാവൂസ് ഫാമിലിക്ക് അസി.വികാരി.ഫാ. ആന്റോ രായപ്പൻ ട്രോഫി നൽകി ആദരിച്ചു. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ യു എ ഇ കൂട്ടായ്മയ്ക്ക് ബ്ര.ആൽഡന്‍ ലോസന്‍ ട്രോഫി നൽകി ആദരിച്ചു.
പി എസ് എൽ കൺവീനർ ടിറ്റോ സൈമൺ ജോ.കൺവീനർ അഭിത്ത് ലെജു, യുവജന വർഷ കൺവീനർ റൊണാൾഡ് സി. ആന്റണി, ഡോ.വിനയ് വിന്‍സെന്റ്, ജെറിൻ പാലയൂർ, ഫിജോ പീയൂസ്, ജിന്റോ ചെമ്മണ്ണൂർ, ജോഫി പാലയൂര്‍, ജോയല്‍ ജോൺസൺ എന്നിവർ പാലയൂർ സൂപ്പർ ലീഗിന് നേതൃത്വം നൽകി.
വീറും വാശിയും നിറഞ്ഞ കളിക്കളത്തിൽ കാൽപന്തുകളിയുടെ എല്ലാ മനോഹാരിതയും പുറത്തെടുത്ത പാലയൂരിൻ്റെ യുവത്വം അടുത്ത ഒരു അങ്കത്തിനായി കാത്തിരിപ്പിലാണ്