ഗുരുവായൂർ: ഫ്രാൻസ്, ബ്രസീൽ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ 27 ഭക്തർ ഗുരുവായൂരപ്പന് മുന്നിൽ കൂപ്പു കൈകളോടെ തുലാഭാരം നടത്തി. ഇതാദ്യമായാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്രയധികം വിദേശ ഭക്തർക്ക് ഒരുമിച്ച് തുലാഭാരം നടക്കുന്നത്.
ബ്രസീലിലെ സീതാജിയുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് തുലാഭാര സമർപ്പണം നടത്തിയത്. കഴിഞ്ഞ ഏഴുവർഷമായി ഓൺലൈനിലൂടെ കേട്ടറിഞ്ഞ ഗുരുവായൂർ വിശേഷങ്ങളും കൃഷ്‌ണകഥകളും അവർ അയവിറക്കി. സനാതന ധർമ്മത്തെ പിന്തുടരുന്ന ഇവർ സായ് സഞ്ജീവനി ട്രസ്റ്റിന്റെ അതിഥികളായാണ് എത്തിയത്.
വെള്ളപ്പൊക്കവും കോവിഡും ഒക്കെ കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി ആഗ്രഹിച്ചിരുന്നെങ്കിലും ഇവർക്ക് കേരളത്തിൽ എത്താൻ സാധിച്ചിരുന്നില്ല. 27 പേരും മണിക്കിണറിലെ തീർത്ഥം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. സാധനാ മർഗ്ഗം പിന്തുടരുന്ന ഇവർ ശരീര ബോധ (ഈഗോ) സമർപ്പണം എന്ന സങ്കൽപത്തിലാണ് തീർത്ഥജലം തുലാഭാരത്തിനായി തിരഞ്ഞെടുത്തത്. തുടർന്ന് ഗുരുവായൂർ സായിമന്ദിരത്തിൽ നടന്ന മഹാഭിഷേകത്തിലും അമാവാസ്യ ഹവനത്തിലും അവർ പങ്കെടുത്തു. തുടർന്ന് തിരുവണ്ണാമലയിലേക്ക് യാത്ര തിരിച്ചു.
സായി സഞ്ജീവനി നടത്തുന്ന മൗന യോഗ പരിശീലകരാണ് ഇവർ. ട്രസ്റ്റ് ചെയർമാൻ സ്വാമി ഹരിനാരായണൻ, അരുൺ നമ്പ്യാർ, വിജീഷ് മണി, അഡ്വ: രാജൻ നായർ തുടങ്ങിയവർ സന്നിഹിതരായി. തുലാഭാരസംഖ്യ 4200 ദേവസ്വത്തിൽ അടവാക്കി. എല്ലാവരും പിടിപ്പണം ഭഗവാന് ഭണ്ഡാരത്തിൽ നിക്ഷേപിച്ചുമാണ് മടങ്ങിയത്.