ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറുതാലപ്പൊലി ദിനത്തിൽ നടന്ന “മഹാദേശ പൊങ്കാല ” ഭക്തി സാന്ദ്രമായി.
ക്ഷേത്ര പടിഞ്ഞാറെ ഗോപുര കവാട പരിസരത്ത് ഭഗവതിയ്ക്ക് തിരു മുന്നിൽ കമനീയമായി തയ്യാറാക്കിയ അലങ്കാര അടുപ്പിന് സമീപം ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി, തുടർന്ന് ക്ഷേത്രം ഭഗവതി മേൽശാന്തി കണ്ടീരകത്ത് ഭാസ്ക്കരൻ തിരുമേനി അടുപ്പിൽ അഗ്നി തെളിയിച്ച് ആരംഭം കുറിച്ച പൊങ്കാലയിൽ ക്ഷേത്ര മൈതാനിയിൽ തിങ്ങിനിറഞ്ഞ നൂറ് കണക്കിന് സഹോദരിമാർ അഗ്നി ഏറ്റു് വാങ്ങി ക്രമമായി നിരയായി വെച്ച അടുപ്പുകളിൽ നിവേദ്യവിഭവങ്ങൾ ഭക്ത്യാധരപൂർവംപാകം ചെയ് തയ്യാറാക്കി. പൊങ്കാല നിവേദ്യമാക്കി അനുഷ്ഠാന പൂജാ ക്രിയകൾക്ക് ശേഷം മേൽശാന്തി ഭാസ്ക്കരൻ തിരുമേനിയും, കീഴ്ശാന്തി ശിവകരൻ തിരുമേനിയും കൂട്ടരും ശംഖു നാദത്തിൻ്റെ അകമ്പടിയോടെ തീർത്ഥജലം തെളിയിച്ച്, പുഷ്പാരതികളോടെ പ്രസാദമാക്കുകയും ചെയ്ത് ഭക്ത സഹോദരിമാർ ദക്ഷിണ സമർപ്പിച്ച് ആപ്രസാദ കലങ്ങൾ ഏറ്റു്വാങ്ങി ഭവനങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നതോടെ പൊങ്കാല സമർപ്പണം പൂർത്തികരിയ്ക്കുകയും ചെയ്തു.
ക്ഷേത്ര പാരായണ സമിതിയുടെ നേതൃത്വത്തിൽ ലളിതാ സഹസ്ര നാമജപ ആലാപനവും അകമ്പടിയായി വന്നെത്തിയവർക്ക് എല്ലാം പ്രഭാത ഭക്ഷണവും നൽകി.
ക്ഷേത്ര സമിതി ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവൻകണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, ഹരിനാരായണൻ പുത്തൻവീട്ടിൽ, രാജു പെരുവഴിക്കാട്ട്, മാതൃ സമിതിസാരഥികളായ ബിന്ദു നാരായണൻ, പ്രേമ വിശ്വനാഥൻ, അർച്ചനാരമേശ് ക്ഷേത്രം മാനേജർ പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി, പി.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.ചെറുതാലപ്പൊലിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൈക്കീട്ട് ലക്ഷദീപം, ചുറ്റു് വിളക്ക്, വെള്ളരിപൂജ, മേളത്തോടെ ചെമ്പു് താലം എഴുന്നെള്ളിപ്പ്, പൊങ്ങിലിടി, ഗുരുതി എന്നിവയുണ്ടാക്കും.