ഗുരുവായൂർ: പിറന്നാൾ ദിനത്തിൽ ശ്രീഗുരുവായൂരപ്പ സന്നിധിയിലെത്തി ദർശന സായുജ്യം നേടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
അദ്ദേഹത്തിൻ്റെ എഴുപത്തിരണ്ടാം പിറന്നാൾ ദിനമായിരുന്നു ശനിയാഴ്ച .കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപം നിന്ന് ഗവർണർ ഗുരുവായൂരപ്പനെ തൊഴുതു. ദർശന പുണ്യം നേടി.പിറന്നാൾ സമ്മാനമായി ശ്രീഗുരുവായൂരപ്പൻ്റെ കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയുമടങ്ങുന പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ഗവർണ്ണർക്ക് നൽകി.
ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗവർണർ ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശനസാഫല്യം നേടുന്നത്. രാമ സേവാ സമിതിയുടെ രാമകഥ പരിപാടിയിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയപ്പോഴാണ് ഗവർണർ ഗുരുവായൂരപ്പനെ തൊഴാനെത്തിയത്.
ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് ഗവർണർ ക്ഷേത്രത്തിന് മുന്നിലെത്തിയത്.
നേരത്തെ ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഗവർണറെ ഷാൾ അണിയിച്ചു. 2024 വർഷത്തെ ദേവസ്വം ഡയറി ചെയർമാൻ ഗവർണ്ണർക്ക് സമ്മാനിച്ചു. ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വിഭവങ്ങളാണ് ഉച്ചയ്ക്ക് ഗവർണ്ണർ കഴിച്ചത്. പിറന്നാൾ ദിനമായതിനാൽ അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമായിരുന്നു ഇത്.ദേവസ്വം ചെയർമാനും ഭരണ സമിതി അംഗം സി.മനോജും അഡ്മിനിസ്ട്രറ്ററും ഗവർണർക്കൊപ്പം പങ്കുചേർന്നു .കഴിഞ്ഞ മേയ് 6 ന് ഗവർണർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. അന്ന് കിഴക്കേ നടയിൽ വെച്ച് ഗവർണർക്ക് കദളിപ്പഴം കൊണ്ട് തുലാഭാരം വഴിപാടും നടത്തിയിരുന്നു.